ടൂറിസം മേഖലയില്‍ കൈകോര്‍ത്ത് കുവൈറ്റും സൗദിയും; ഉഭയകക്ഷി സഹകരണം ശക്തമാക്കും

രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരവും ആഴത്തിലുള്ളതുമായ സാഹോദര്യ ബന്ധം ചൂണ്ടിക്കാട്ടിയ നേതാക്കള്‍, ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിന് സംയുക്ത പദ്ധതികള്‍ ആവശ്യമാണെന്ന് വ്യക്തമാക്കി

 

ബഹ്റൈനില്‍ സംഘടിപ്പിച്ച ജിസിസി ടൂറിസം മന്ത്രിമാരുടെ പത്താമത് യോഗത്തിനിടയിലായിരുന്നു ഇരുനേതാക്കളുടെയും പ്രത്യേക കൂടിക്കാഴ്ച.

കുവൈറ്റും സൗദി അറേബ്യയും തമ്മിലുള്ള ടൂറിസം സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ധാരണയായി. കുവൈറ്റ് വാര്‍ത്താവിനിമയ-സാംസ്‌കാരിക വകുപ്പ് ചുമതലയുള്ള മന്ത്രി ഉമര്‍ അല്‍ ഉമറും സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് നിര്‍ണായക ചര്‍ച്ചകള്‍ നടന്നത്. ബഹ്റൈനില്‍ സംഘടിപ്പിച്ച ജിസിസി ടൂറിസം മന്ത്രിമാരുടെ പത്താമത് യോഗത്തിനിടയിലായിരുന്നു ഇരുനേതാക്കളുടെയും പ്രത്യേക കൂടിക്കാഴ്ച.

രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരവും ആഴത്തിലുള്ളതുമായ സാഹോദര്യ ബന്ധം ചൂണ്ടിക്കാട്ടിയ നേതാക്കള്‍, ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിന് സംയുക്ത പദ്ധതികള്‍ ആവശ്യമാണെന്ന് വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും വിനോദസഞ്ചാര ശേഷികളും അടിസ്ഥാന സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തി മേഖലയിലെ ടൂറിസം രംഗം കൂടുതല്‍ വിപുലീകരിക്കാനാണ് പദ്ധതിയിടുന്നത്.