അബുദാബിയിൽ കാസർകോട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി
പ്രവാസി മലയാളിയെ അബുദാബിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കടയുടമയായ ഇദ്ദേഹത്തെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാസർകോട് ഉദുമ എരോൽ കുന്നുമ്മൽ സ്വദേശി അൻവർ സാദത്ത് മുക്കുന്നോത്ത് (48) ആണ് മരിച്ചത്.
അബുദാബി: പ്രവാസി മലയാളിയെ അബുദാബിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കടയുടമയായ ഇദ്ദേഹത്തെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാസർകോട് ഉദുമ എരോൽ കുന്നുമ്മൽ സ്വദേശി അൻവർ സാദത്ത് മുക്കുന്നോത്ത് (48) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഇദ്ദേഹം കടയിലുണ്ടായിരുന്നു. പിന്നീട് ഉറങ്ങാൻ മുറിയിലേക്ക് പോയ അൻവർ സാദത്തിനെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡോക്ടർമാരും പൊലീസുമെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. മൂത്ത മകൾ റിസ്‌വാനയുടെ വിവാഹ ഒരുക്കങ്ങൾക്കായി അടുത്ത മാസം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇദ്ദേഹം.
അബുദാബി മദീന സായിദ് ഷോപ്പിങ് സെൻററിലെ കാസ്‌കോ ഫാൻസി ഷോപ്പ് ഉടമയാണ്. ഉദുമ പഞ്ചായത്ത് കെഎംസിസി ട്രഷററും ഉദുമ ടൗൺ മുസ്ലിം ജമാഅത്ത് യുഎഇ കമ്മിറ്റി അംഗവുമാണ്. പരേതനായ മുക്കുന്നോത്തെ എംകെ ഹുസൈൻറെയും ആയിഷയുടെയും മകനാണ്. റൈഹാനയാണ് ഭാര്യ. റിസ, റസ്വ, റഫീഫ എന്നിവരാണ് മറ്റ് മക്കൾ.