യുഎഇയില്‍ തൊഴില്‍ പെര്‍മിറ്റ് നടപടികള്‍ ഇനി എളുപ്പം; 13 വിഭാഗങ്ങളില്‍ പുതിയ പരിഷ്‌കാരം

തൊഴില്‍ പെര്‍മിറ്റ് സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പരിഷ്‌കാരങ്ങളുടെ അടുത്ത ഘട്ടത്തിനും മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്.

 

സര്‍ക്കാരിന്റെ സീറോ ബ്യൂറോക്രസി പദ്ധതിയുടെ ഭാഗമായാണ് പരിഷ്‌കാരങ്ങള്‍.

യുഎഇയില്‍ 13 വിഭാഗങ്ങളിലുള്ള തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്ന നടപടികള്‍ കൂടുതല്‍ ലളിതമാക്കി ഹ്യൂമണ്‍ റിസോഴ്‌സസ് ആന്‍ഡ് എമിറാറ്റൈസേഷന്‍ മന്ത്രാലയം . സര്‍ക്കാരിന്റെ സീറോ ബ്യൂറോക്രസി പദ്ധതിയുടെ ഭാഗമായാണ് പരിഷ്‌കാരങ്ങള്‍. പെര്‍മിറ്റുകള്‍ക്കായി അനുബന്ധ രേഖകള്‍ സമര്‍പ്പിക്കേണ്ട നിബന്ധനകള്‍ ഒഴിവാക്കിയതിനു പുറമെ ചില പെര്‍മിറ്റുകള്‍ക്ക് ആവശ്യമായ വിവരങ്ങളുടെ എണ്ണം 75 മുതല്‍ 97 ശതമാനം വരെ കുറച്ചു. അപേക്ഷകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയവും ഇതോടെ കുറയും.

തൊഴില്‍ പെര്‍മിറ്റ് സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പരിഷ്‌കാരങ്ങളുടെ അടുത്ത ഘട്ടത്തിനും മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്. നടപടിക്രമങ്ങള്‍ പുനഃക്രമീകരിക്കുക, ഭരണപരമായ നിബന്ധനകള്‍ കുറയ്ക്കുക, ഡിജിറ്റല്‍ സേവനങ്ങള്‍ വിപുലീകരിക്കുക എന്നിവയാണ് ലക്ഷ്യം.

അപേക്ഷകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും മികച്ച സേവനം ഉറപ്പാക്കാനും പുതിയ മാറ്റങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള തൊഴില്‍ പെര്‍മിറ്റ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങളില്‍നിന്നും ഉപഭോക്താക്കളില്‍നിന്നും മന്ത്രാലയം നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചിട്ടുണ്ട്. ജൂലൈ 30 വരെ ഓണ്‍ലൈനായി അഭിപ്രായങ്ങള്‍ അറിയിക്കാനും സാധിക്കും. സേവനങ്ങള്‍ കൂടുതല്‍ ലളിതവും കാര്യക്ഷമവുമാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് തേടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.