ഗിരീഷ് എ.ഡി ചിത്രങ്ങളുടെ ആരാധകനാണെന്ന് ജേസണ്‍ സഞ്ജയ്
ഗിരീഷ് എ.ഡി ചിത്രങ്ങളുടെ ആരാധകനാണെന്ന് ജേസണ്‍ സഞ്ജയ്
മലയാള സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. സംവിധായകന്‍ ഗിരീഷ് സാറിനെ എനിക്ക് ഇഷ്ടമാണ്.
'മലയാള സിനിമയിലേക്ക് ഒരു അവസരം കിട്ടാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.
മലയാള സിനിമയെ വാനോളം പുകഴ്ത്തി തമിഴ് സൂപ്പര്‍താരം വിജയ്യുടെ മകനും സംവിധായകനുമായ ജേസണ്‍ സഞ്ജയ്. മലയാള സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്ന് സഞ്ജയ് പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും മികച്ച കഥയെഴുത്തുകാരുള്ളത് മലയാളത്തിലാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അടുത്തിടെ കണ്ട 'മോളിവുഡ് ടൈംസ്' എന്ന ചിത്രവും അതിലെ നസ്ലിന്റെ അഭിനയവും തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടെന്നും, സംവിധായകന്‍ ഗിരീഷ് എ.ഡിയുടെ വലിയൊരു ആരാധകനാണ് താനെന്നും സഞ്ജയ് വ്യക്തമാക്കി.
'മലയാള സിനിമയിലേക്ക് ഒരു അവസരം കിട്ടാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. എനിക്ക് മലയാള സിനിമ ഇഷ്ടമാണ്. ഇന്ത്യയിലെ എല്ലാ ഇന്‍ഡസ്ട്രികളിലും വച്ച് ഏറ്റവും മികച്ച എഴുത്തുകാരുള്ളത് മലയാളത്തിലാണെന്ന് ഞാന്‍ പറയും. അത് ഞാന്‍ തുറന്നു പറയുന്നു. ഇന്നിപ്പോള്‍ ലോകസിനിമയുമായി എല്ലാവര്‍ക്കും പരിചയമുണ്ട്. നിങ്ങള്‍ ഇതിനെ മറ്റൊരു ഭാഷയായി കാണുന്നില്ല. ഡബ്ബ് വേര്‍ഷനോ റീമേക്ക് വരുന്നതു വരെയോ ഒന്നും ആരും കാത്തിരിക്കുന്നില്ല. അടുത്തിടെ ഞാന്‍ 'മോളിവുഡ് ടൈംസ്' എന്നൊരു സിനിമ കണ്ടിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ആ സിനിമ. അത് വളരെ റിലേറ്റബിള്‍ ആണ്. ഈ പ്രൊഫഷനിലുള്ള ആളുകളുടെ കാരക്ടര്‍ എങ്ങനെയാണെന്ന് ആ സിനിമ കൃത്യമായി കാണിക്കുന്നുണ്ട്.
എനിക്ക് നസ്ലിന്റെ പെര്‍ഫോമന്‍സും ഇഷ്ടപ്പെട്ടു. ഐ ലവ് യു നസ്ലിന്‍. ആ സിനിമയിലൊരുപാട് കാര്യങ്ങള്‍ നമുക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നതാണ്. അതില്‍ നിന്നൊരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഈ ഇന്‍ഡസ്ട്രിക്കുള്ളില്‍ എന്താണ് നടക്കുന്നത് എന്ന കാര്യങ്ങള്‍ പഠിക്കാന്‍ പറ്റും. കാരണം മറ്റുള്ളവര്‍ക്ക് അതേ കുറിച്ച് അറിയില്ല, എന്തൊക്കെ ബുദ്ധിമുട്ടുകളാണ് നമുക്കുള്ളതെന്ന്.
ഒരു നിമിഷത്തിന് ഒരാളുടെ ജീവിതം മുഴുവന്‍ എങ്ങനെ മാറ്റിമറിക്കാന്‍ കഴിയുമെന്ന്. അത് രണ്ട് രീതിയിലുമാകാം. പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ്. ഭയങ്കര രസമുള്ളൊരു സിനിമയാണ്. ആളുകള്‍ അത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. മലയാള സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. സംവിധായകന്‍ ഗിരീഷ് സാറിനെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്'. - ജേസണ്‍ സഞ്ജയ് പറഞ്ഞു.