സൗദിയില്‍ ഫാര്‍മസി, ദന്താശുപത്രി ജോലികളില്‍ സ്വദേശിവത്കരണം
അഞ്ചോ അതിലധികമോ ജീവനക്കാരുള്ള ഫാര്‍മസി സ്ഥാപനങ്ങള്‍ക്ക് തീരുമാനം ബാധകമാണ്.
ദന്തചികിത്സാമേഖലയിലെ സ്വദേശി അനുപാതം 45 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
സൗദിയില്‍ ഫാര്‍മസി, ദന്താശുപത്രി ജോലികളില്‍ നിന്ന് നല്ലൊരു ശതമാനം വിദേശികള്‍ പുറത്താവും. പുതിയ സ്വദേശിവത്കരണ നിയമം പ്രാബല്യത്തില്‍. കമ്യൂണിറ്റി ഫാര്‍മസികളിലും മെഡിക്കല്‍ കോംപ്ലക്‌സുകളിലും ഫാര്‍മസി ജീവനക്കാരില്‍ 35 ശതമാനവും ആശുപത്രികളിലെ ഫാര്‍മസി ജീവനക്കാരില്‍ 65 ശതമാനവും റെഗുലര്‍ ഫാര്‍മസികളില്‍ 55 ശതമാനവുമായി വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനമാണ് നടപ്പാക്കാന്‍ തുടങ്ങിയത്. ദന്തചികിത്സാമേഖലയിലെ സ്വദേശി അനുപാതം 45 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
ഈ രംഗത്തെ ഏറ്റവും കുറഞ്ഞ ശമ്പളം 9,000 റിയാലായി ഉയര്‍ത്തുകയും ചെയ്തു. ഈ വര്‍ഷം ജനുവരിയിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് ഈ മേഖലകളിലെ സൗദിവല്‍ക്കരണ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
അഞ്ചോ അതിലധികമോ ജീവനക്കാരുള്ള ഫാര്‍മസി സ്ഥാപനങ്ങള്‍ക്ക് തീരുമാനം ബാധകമാണ്. ദന്തല്‍രംഗത്തെ സൗദിവല്‍ക്കരണ നിരക്കുകള്‍ രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്നതിനുള്ള ആദ്യ ഘട്ടമാണ് ഞായറാഴ്ച (ജൂലൈ 27) ആരംഭിച്ചത്. അടുത്ത ഘട്ടം 2026 ജൂലൈയിലാണ്. അപ്പോള്‍ 55 ശതമാനമായി ഉയര്‍ത്തും. മൂന്നോ അതിലധികമോ ജീവനക്കാരുള്ള ദന്തല്‍ സ്ഥാപനങ്ങള്‍ക്കാണ് ആദ്യ ഘട്ടം തീരുമാനം ബാധകമാകുന്നത്.