വിദ്യാര്‍ത്ഥികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ട സംഭവം ; സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനെ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി 

സംഭവത്തില്‍ സമഗ്രമായ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി

 

വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് മന്ത്രാലയം മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുവൈറ്റില്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനെ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാല്‍ അല്‍ തബ്തബായി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സംഭവത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനും സ്‌കൂള്‍ അന്തരീക്ഷത്തിന്‍ സുരക്ഷിതത്വം നിലനിര്‍ത്താനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സംഭവത്തിന് പിന്നാലെ മന്ത്രി നേരിട്ടെത്തി അസ്വസ്ഥത നേരിട്ട വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും ചെയ്തു. കൂടാതെ അവര്‍ക്ക് ആവശ്യമായ എല്ലാ വൈദ്യ സഹായങ്ങളും ഉറപ്പാക്കുകയും കുട്ടികള്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് മന്ത്രാലയം മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.