അനധികൃത കശാപ്പ് ഒഴിവാക്കണം; അംഗീകൃത അറവുശാലകള്‍ മാത്രം ഉപയോഗിക്കണം , അബൂദബിയിൽ സുരക്ഷിത ബലിക്ക് 12 നിര്‍ദേശങ്ങള്‍ 

ബലിപെരുന്നാള്‍ പ്രമാണിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ രീതിയില്‍ മൃഗബലി നടത്തുന്നതിനായി 12 ഇന മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ യു.എ.ഇ. ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ചു . അശാസ്ത്രീയമായ കശാപ്പ് രീതികള്‍ വഴി പകര്‍ച്ചവ്യാധികളും ബാക്ടീരിയകളും പടരാനുള്ള സാധ്യത കണക്കിലെടുത്താണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

 

അബൂദബി: ബലിപെരുന്നാള്‍ പ്രമാണിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ രീതിയില്‍ മൃഗബലി നടത്തുന്നതിനായി 12 ഇന മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ യു.എ.ഇ. ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ചു . അശാസ്ത്രീയമായ കശാപ്പ് രീതികള്‍ വഴി പകര്‍ച്ചവ്യാധികളും ബാക്ടീരിയകളും പടരാനുള്ള സാധ്യത കണക്കിലെടുത്താണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

രോഗബാധയില്ലാത്ത മൃഗങ്ങളെ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ലൈസന്‍സുള്ള വിപണികളില്‍ നിന്ന് മാത്രം ബലിമൃഗങ്ങളെ വാങ്ങണം. വീടുകളിലോ ഫാമുകളിലോ വെച്ചുള്ള അനധികൃത കശാപ്പുകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അംഗീകൃത അറവുശാലകള്‍ മാത്രമേ ഉപയോഗിക്കാവൂ. മൃഗചന്തകള്‍ സന്ദര്‍ശിക്കുമ്പോഴും മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോഴും മാസ്‌ക്, കൈയുറകള്‍, സുരക്ഷാ കണ്ണടകള്‍ എന്നിവ ധരിക്കണം. ശരീരത്തില്‍ മുറിവുകളുള്ളവര്‍ മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്.

കശാപ്പിനുശേഷം മാംസം മുറിക്കാന്‍ പ്രത്യേക കട്ടിങ് ബോര്‍ഡുകള്‍ ഉപയോഗിക്കണം. ഉപകരണങ്ങളും പ്രതലങ്ങളും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. മൃഗാവശിഷ്ടങ്ങള്‍ കവറുകളിലാക്കി സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യണം. ഹാനികരമായ ബാക്ടീരിയകള്‍ നശിക്കുംവിധം മാംസം നന്നായി വേവിച്ചുമാത്രമേ കഴിക്കാവൂ. മൃഗങ്ങളെയോ പച്ചമാംസമോ കൈകാര്യം ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ കടുത്ത പനി, അസാധാരണമായ രക്തസ്രാവം, കടുത്ത ക്ഷീണം, പേശിവേദന, ഓക്കാനം, വയറിളക്കം എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. ചികിത്സയ്‌ക്കെത്തുമ്പോള്‍ മൃഗങ്ങളുമായി സമ്പര്‍ക്കമുണ്ടായിരുന്ന വിവരം ഡോക്ടറെ അറിയിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.