ട്രാഫിക് പിഴയടച്ചില്ലെങ്കില്‍ വാഹനം വാടകയ്ക്ക് കിട്ടില്ല; പുതിയ നിയമവുമായി കുവൈറ്റ്

അടച്ചുതീര്‍ക്കാത്ത ട്രാഫിക് പിഴകളോ കേസ് സംബന്ധമായ ബ്ലോക്കുകളോ റെക്കോര്‍ഡില്‍ ഉണ്ടെങ്കില്‍, ആ ഉപഭോക്താവുമായി വാടക കരാര്‍ ഒപ്പിടാനോ വാഹനം കൈമാറാനോ കമ്പനികള്‍ക്ക് സാധിക്കില്ല.

 

പുതിയ ഡിജിറ്റല്‍ സംവിധാനം വഴി ഉപഭോക്താവ് വാഹനം ബുക്ക് ചെയ്യാന്‍ എത്തുമ്പോള്‍ തന്നെ അവരുടെ ട്രാഫിക് റെക്കോര്‍ഡുകള്‍ റെന്റല്‍ കമ്പനികള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും.

കുവൈറ്റില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കാത്തവര്‍ക്ക് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത് കാര്‍ റെന്റല്‍ ഏജന്‍സികള്‍ അവസാനിപ്പിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ നിയമലംഘന നിരീക്ഷണ സംവിധാനവും കാര്‍ റെന്റല്‍ കമ്പനികളുടെ സോഫ്റ്റ്വെയറുകളും തമ്മില്‍ ഇലക്ട്രോണിക് രീതിയില്‍ ബന്ധിപ്പിച്ചതോടെയാണ് പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വന്നത്.

പുതിയ ഡിജിറ്റല്‍ സംവിധാനം വഴി ഉപഭോക്താവ് വാഹനം ബുക്ക് ചെയ്യാന്‍ എത്തുമ്പോള്‍ തന്നെ അവരുടെ ട്രാഫിക് റെക്കോര്‍ഡുകള്‍ റെന്റല്‍ കമ്പനികള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. അടച്ചുതീര്‍ക്കാത്ത ട്രാഫിക് പിഴകളോ കേസ് സംബന്ധമായ ബ്ലോക്കുകളോ റെക്കോര്‍ഡില്‍ ഉണ്ടെങ്കില്‍, ആ ഉപഭോക്താവുമായി വാടക കരാര്‍ ഒപ്പിടാനോ വാഹനം കൈമാറാനോ കമ്പനികള്‍ക്ക് സാധിക്കില്ല.

ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള കുടിശ്ശിക തുക പൂര്‍ണ്ണമായും അടച്ചുതീര്‍ക്കുകയും സിസ്റ്റത്തിലെ തടസ്സങ്ങള്‍ (ബ്ലോക്ക്) നീക്കം ചെയ്യുകയും ചെയ്താല്‍ മാത്രമേ ഉപഭോക്താവിന് പിന്നീട് വാഹനം വാടകയ്ക്കെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ട്രാഫിക് പിഴ കുടിശ്ശികകള്‍ വേഗത്തില്‍ ഈടാക്കാനും നിയമലംഘനങ്ങള്‍ കെട്ടിക്കിടക്കുന്നത് തടയാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.