സൗദിയിലെ നജ്റാനില്‍ ഹൂതി ആക്രമണം; 11 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരില്‍ നാല് വയസ്സുള്ള കുട്ടിയും ഒരു സ്ത്രീയും ഉള്‍പ്പെടുന്നതായി അധികൃതര്‍ വ്യക്തമാക്കി

 

ആക്രമണത്തില്‍ 11 സാധാരണക്കാര്‍ക്ക് പരിക്കേറ്റതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു.

സൗദി അറേബ്യയുടെ തെക്കന്‍ അതിര്‍ത്തി മേഖലയായ നജ്റാനില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയ പ്രൊജക്ടൈല്‍ ആക്രമണത്തില്‍ 11 സാധാരണക്കാര്‍ക്ക് പരിക്കേറ്റതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. പരിക്കേറ്റവരില്‍ നാല് വയസ്സുള്ള കുട്ടിയും ഒരു സ്ത്രീയും ഉള്‍പ്പെടുന്നതായി അധികൃതര്‍ വ്യക്തമാക്കി.പരിക്കേറ്റവരില്‍ ഏഴ് പേര്‍ സൗദി പൗരന്മാരാണ്. കൂടാതെ ഒരു യെമന്‍ പൗരനും രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാരും ഒരു പാകിസ്താന്‍ സ്വദേശിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സഖ്യസേനയുടെ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാല്‍ക്കി അറിയിച്ചു. നാല് വയസ്സുള്ള കുട്ടിക്ക് പൊള്ളലേറ്റതായും അദ്ദേഹം പറഞ്ഞു.
യെമനില്‍ നിന്നുള്ള ഹൂതി ആക്രമണത്തില്‍ ജനവാസ മേഖലയിലേക്കാണ് ക്രമരഹിതമായി പ്രൊജക്ടൈലുകള്‍ പതിച്ചതെന്ന് സൗദി സൈന്യം ആരോപിച്ചു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും സഖ്യസേന അറിയിച്ചു.മേഖലയില്‍ വീണ്ടും സംഘര്‍ഷം ശക്തമാകുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.