ദുബായിലും അബുദാബിയിലും വീട്ടുവാടക കുറയുന്നു

വാടക കരാര്‍ പുതുക്കുമ്പോള്‍ നിരക്ക് കുറയ്ക്കാനും കുറഞ്ഞ ചെലവില്‍ മികച്ച വീടുകളിലേക്ക് മാറാനും പ്രവാസികള്‍ക്ക് അവസരമൊരുങ്ങും.

 

2026 മാര്‍ച്ചിലുണ്ടായ പ്രാദേശിക പ്രതിസന്ധിക്ക് പിന്നാലെ വിപണിയിലുണ്ടായ മാറ്റങ്ങളും നിര്‍മ്മാണം പൂര്‍ത്തിയായ കൂടുതല്‍ താമസകേന്ദ്രങ്ങള്‍ വിപണിയിലെത്തിയതുമാണ് ദുബായില്‍ വാടക കുറയാന്‍ പ്രധാന കാരണം.

യുഎഇയിലെ പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ആശ്വാസം നല്‍കിക്കൊണ്ട് ദുബായിലും അബുദാബിയിലും താമസസ്ഥലങ്ങളുടെ വാടക നിരക്കുകള്‍ കുറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കുതിച്ചുയര്‍ന്നിരുന്ന വാടക നിരക്കുകള്‍ക്കാണ് ഇപ്പോള്‍ ശമനമായിരിക്കുന്നത്. അബുദാബിയില്‍ വാടക വര്‍ദ്ധനവ് താല്‍ക്കാലികമായി മരവിപ്പിച്ചതും, ദുബായില്‍ കൂടുതല്‍ പുതിയ ഫ്‌ലാറ്റുകള്‍ വിപണിയിലെത്തിയതുമാണ് താമസക്കാര്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഇതോടെ വാടക കരാര്‍ പുതുക്കുമ്പോള്‍ നിരക്ക് കുറയ്ക്കാനും കുറഞ്ഞ ചെലവില്‍ മികച്ച വീടുകളിലേക്ക് മാറാനും പ്രവാസികള്‍ക്ക് അവസരമൊരുങ്ങും.

2026 മാര്‍ച്ചിലുണ്ടായ പ്രാദേശിക പ്രതിസന്ധിക്ക് പിന്നാലെ വിപണിയിലുണ്ടായ മാറ്റങ്ങളും നിര്‍മ്മാണം പൂര്‍ത്തിയായ കൂടുതല്‍ താമസകേന്ദ്രങ്ങള്‍ വിപണിയിലെത്തിയതുമാണ് ദുബായില്‍ വാടക കുറയാന്‍ പ്രധാന കാരണം. പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബലിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ദുബായില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. സാധാരണയായി ഒരു വര്‍ഷത്തേക്കാണ് വാടക കരാറുകള്‍ ഒപ്പിടുന്നത് എന്നതിനാല്‍, കരാര്‍ കാലാവധി കഴിയുമ്പോള്‍ കെട്ടിട ഉടമകളുമായി സംസാരിച്ച് വാടക കുറയ്ക്കാന്‍ പ്രവാസികള്‍ക്ക് സാധിക്കും.

വരും വര്‍ഷങ്ങളിലും ദുബായില്‍ വാടക കുറയാന്‍ തന്നെയാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. 2027, 2028 വര്‍ഷങ്ങളില്‍ ദുബായില്‍ പുതിയ ഫ്‌ലാറ്റുകളുടെയും വില്ലകളുടെയും എണ്ണത്തില്‍ ഏകദേശം 20 ശതമാനത്തോളം വര്‍ദ്ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കൂടുതല്‍ വീടുകള്‍ ലഭ്യമാകുന്നതോടെ വാടക നിരക്കുകളില്‍ ഇനിയും കുറവുണ്ടാകും. എന്നാല്‍ ദുബായിലെ കടകളുടെയും ഓഫീസുകളുടെയും വാടകയില്‍ വലിയ മാറ്റങ്ങളുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.