യുഎഇയില്‍ സിക്ക് ലീവ് നടപടികള്‍ ഇനി ആശുപത്രികള്‍ തന്നെ ചെയ്യും; രോഗികള്‍ക്ക് വന്‍ ആശ്വാസം
യുഎഇയില്‍ സിക്ക് ലീവ് നടപടികള്‍ ഇനി ആശുപത്രികള്‍ തന്നെ ചെയ്യും; രോഗികള്‍ക്ക് വന്‍ ആശ്വാസം
ഇതുവരെ രോഗികള്‍ നേരിട്ടായിരുന്നു സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായി അപേക്ഷിക്കേണ്ടിയിരുന്നത്.
സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തല്‍, അവയ്ക്ക് അംഗീകാരം നല്‍കല്‍ തുടങ്ങി വെവ്വേറെ ഉണ്ടായിരുന്ന രണ്ട് സേവനങ്ങളെയാണ് മന്ത്രാലയം ഇപ്പോള്‍ ഒറ്റ ശൃംഖലയായി ബന്ധിപ്പിച്ചിരിക്കുന്നത്.
യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് വലിയ ആശ്വാസമേകി സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും അംഗീകരിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കി ആരോഗ്യ പ്രതിരോധ മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും വഴിയുള്ള സിക്ക് ലീവ് സാക്ഷ്യപ്പെടുത്തല്‍ പ്രക്രിയ കൂടുതല്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
ഇതുവരെ രോഗികള്‍ നേരിട്ടായിരുന്നു സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായി അപേക്ഷിക്കേണ്ടിയിരുന്നത്. എന്നാല്‍ പുതിയ പരിഷ്‌കാരത്തോടെ, ചികിത്സ നല്‍കിയ ആശുപത്രിയോ ഹെല്‍ത്ത് കെയര്‍ സെന്ററോ ആയിരിക്കും രോഗിക്കോ രോഗിയുടെ കൂടെനില്‍ക്കുന്ന ആള്‍ക്കോ വേണ്ടി മന്ത്രാലയത്തിലേക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കുക. ആവശ്യമായ വ്യവസ്ഥകള്‍ പാലിക്കുന്ന അപേക്ഷകള്‍ പുതിയൊരു ഫോം സമര്‍പ്പിക്കേണ്ട ആവശ്യമില്ലാതെ തന്നെ ഓട്ടോമാറ്റിക്കായി അപ്രൂവല്‍ സേവനത്തിലേക്ക് കൈമാറപ്പെടും.
സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തല്‍, അവയ്ക്ക് അംഗീകാരം നല്‍കല്‍ തുടങ്ങി വെവ്വേറെ ഉണ്ടായിരുന്ന രണ്ട് സേവനങ്ങളെയാണ് മന്ത്രാലയം ഇപ്പോള്‍ ഒറ്റ ശൃംഖലയായി ബന്ധിപ്പിച്ചിരിക്കുന്നത്. അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ നാല് എമിറേറ്റുകളിലെ മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഫെഡറല്‍ ഗവണ്‍മെന്റിലെയും ഈ നാല് എമിറേറ്റുകളിലെ ലോക്കല്‍ ഗവണ്‍മെന്റുകളിലെയും ജീവനക്കാര്‍ക്ക് ഇനി രണ്ടാമതൊരു അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. കൂടാതെ, രോഗിക്കൊപ്പം നില്‍ക്കുന്ന കൂട്ടിരിപ്പുകാരുടെ അവധി സാക്ഷ്യപ്പെടുത്താനും ആശുപത്രികള്‍ക്ക് നേരിട്ട് അപേക്ഷിക്കാം.