സൗദിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ജസാന്‍, അസീര്‍ പ്രവിശ്യകളിലാണ് മഴ ഏറ്റവും ശക്തമാകാന്‍ സാധ്യതയുള്ളത്.

 

രാജ്യത്തിന്റെ തെക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച വരെ പ്രതികൂല കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ തെക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച വരെ പ്രതികൂല കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.

ജസാന്‍, അസീര്‍ പ്രവിശ്യകളിലാണ് മഴ ഏറ്റവും ശക്തമാകാന്‍ സാധ്യതയുള്ളത്. ജസാനിലെ അല്‍-അരിദ, സബ്യ, അബു അരിഷ്, ഫൈഫ, അല്‍-ദര്‍ബ്, ഹറൂബ് തുടങ്ങിയ ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. ജസാന്‍ നഗരത്തിലും ഫറാസാന്‍ ദ്വീപിലും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അസീറിലെ അബഹ, ഖമീസ് മുഷൈത്, അഹദ് റാഫിദ, അല്‍-നമസ്, തനോമ, ബിഷ, മഹായില്‍ എന്നിവിടങ്ങളിലും അല്‍-ബഹ, ബല്‍ജുരാഷി പ്രദേശങ്ങളിലും അടുത്ത ദിവസങ്ങളില്‍ മഴ കനക്കും. മക്ക മേഖലയിലെ തായിഫ്, മെയ്സാന്‍, തീരദേശ മേഖലകളായ അല്‍-ഖുന്‍ഫുദ, അല്‍-ലിത് എന്നിവിടങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.