കനത്ത മഴ ; ദുബായിലെ റോഡുകളില്‍ വെളളം കയറി

യുഎഇയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. 
 

കനത്ത മഴയെ തുടര്‍ന്ന് ദുബായിലെ റോഡുകളില്‍ വെളളം കയറി. വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് കയാക്കിങുമായി ഇറങ്ങിയിരിക്കുകയാണ് ചില ദുബായ് നിവാസികള്‍. വെള്ളം നിറഞ്ഞ റോഡുകളിലും മണലിലും ആളുകള്‍ പാഡില്‍ ബോര്‍ഡിംഗും കയാക്കിങും നടത്തുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

രസകരമെന്ന് പറഞ്ഞ് ആണ് സാമൂഹിക മാധ്യമങ്ങളില്‍ ആളുകള്‍ കയാക്കിംഗ് നടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുളളത്. യുഎഇയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. 
കടല്‍ത്തീരങ്ങളില്‍ നിന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനും വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ട് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയെ തുടര്‍ന്ന് യെല്ലോ, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.