യുഎഇയിൽ കനത്ത മഴ തുടരുന്നു
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ നാലാം ദിവസവും അതിശക്തമായ മഴ തുടരുന്നു. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ ഇന്നലെ രാവിലെ മുതൽ പെയ്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ നാലാം ദിവസവും അതിശക്തമായ മഴ തുടരുന്നു. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ ഇന്നലെ രാവിലെ മുതൽ പെയ്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ ദുബായിൽ നിന്ന് ഷാർജ, അജ്മാൻ എന്നിവിടങ്ങളിലേക്കുള്ള ബസ് സർവീസുകൾ ആർടിഎ താത്കാലികമായി നിർത്തിവെച്ചു. പ്രധാന റോഡുകളിൽ വെള്ളം നിറഞ്ഞത് വാഹന ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഡിസാസ്റ്റർ മാനേജ്‌മെന്റും പൊതുജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. താഴ്‌വരകൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ, കടൽതീരങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. മഴസമയത്ത് വാഹനങ്ങൾ ഓടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. കാലാവസ്ഥാ മാറ്റം പരിഗണിച്ച് വിവിധ റോഡുകളിലെ വേഗപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്.
വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ഗതാഗതക്കുരുക്ക് സാധ്യത മുൻകൂട്ടി കണ്ട് യാത്രകൾ പ്ലാൻ ചെയ്യണമെന്ന് നിർദ്ദേശമുണ്ട്. നാളെ വരെ മഴ തുടരാൻ സാധ്യതയുള്ളതിനാൽ സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക ചാനലുകളിലൂടെ നൽകുന്ന കാലാവസ്ഥാ അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ അറിയിച്ചു.