റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ കനത്ത പിഴ; പുതിയ നിയമവുമായി സൗദി

പുതിയ കരട് നിയമപ്രകാരം, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ 5,000 മുതല്‍ 50,000 റിയാല്‍ വരെ പിഴ ലഭിക്കും.

 

നികുതി നടപ്പാക്കല്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും നടപടിക്രമങ്ങളില്‍ സുതാര്യത ഉറപ്പാക്കാനുമാണ് ഈ നീക്കം.

സൗദി അറേബ്യയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ 50,000 റിയാല്‍ വരെ പിഴ ചുമത്താന്‍ ശുപാര്‍ശ ചെയ്യുന്ന പുതിയ കരട് നിയമം പുറത്തിറക്കി അധികൃതര്‍. വ്യവസ്ഥകള്‍ ലംഘിക്കുന്നവരില്‍ നിന്ന് അടയ്ക്കേണ്ട നികുതി തുകയോ അല്ലെങ്കില്‍ 50,000 റിയാലോ ആകും പിഴ തുക. ഇതില്‍ ഏതാണോ കൂടുതല്‍ അത്രയും തുക പിഴയായി ഈടാക്കാനാണ് നിര്‍ദ്ദേശത്തിലുള്ളത്. നികുതി നടപ്പാക്കല്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും നടപടിക്രമങ്ങളില്‍ സുതാര്യത ഉറപ്പാക്കാനുമാണ് ഈ നീക്കം.

പുതിയ കരട് നിയമപ്രകാരം, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ 5,000 മുതല്‍ 50,000 റിയാല്‍ വരെ പിഴ ലഭിക്കും. നിയമപരമായ സമയപരിധിക്കുള്ളില്‍ ആവശ്യമായ നികുതി രേഖകളും അക്കൗണ്ടുകളും സൂക്ഷിക്കാത്തവര്‍ക്കും സമാന തുക പിഴ ഈടാക്കും. തര്‍ക്കങ്ങളോ മറ്റ് നടപടികളോ പരിശോധിക്കുമ്പോള്‍ അതോറിറ്റിയുമായി സഹകരിക്കാതിരിക്കുകയോ വിവരങ്ങള്‍ നല്‍കാതിരിക്കുകയോ ചെയ്താല്‍ 1,000 മുതല്‍ 50,000 റിയാല്‍ വരെയാകും പിഴ തുക.

പരിശോധനയ്ക്കെത്തുന്ന അതോറിറ്റി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുന്നതും കനത്ത ശിക്ഷാര്‍ഹമാണ്.