ദമ്മാമില്‍ നിന്ന് കൊച്ചി ഉള്‍പ്പെടെ നാല് നഗരങ്ങളിലേക്ക് ഗള്‍ഫ് എയര്‍ സര്‍വീസ് ആരംഭിച്ചു

 

കൊച്ചിക്ക് പുറമെ ലാഹോർ, ഇസ്ലാമാബാദ്, ധാക്ക എന്നീ നഗരങ്ങളിലേക്കാണ് താല്‍ക്കാലികമായി സർവീസുകള്‍ വ്യാപിപ്പിച്ചിരിക്കുന്നത്. 

കൊച്ചി :  ബഹ്റൈന്റെയും മേഖലയിലെ ചില അയല്‍രാജ്യങ്ങളുടെയും വ്യോമാതിർത്തികള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൊച്ചി ഉള്‍പ്പെടെ നാല് പുതിയ ദക്ഷിണേഷ്യൻ സെക്ടറുകളിലേക്ക് സർവീസുകള്‍ പ്രഖ്യാപിച്ചു.കൊച്ചിക്ക് പുറമെ ലാഹോർ, ഇസ്ലാമാബാദ്, ധാക്ക എന്നീ നഗരങ്ങളിലേക്കാണ് താല്‍ക്കാലികമായി സർവീസുകള്‍ വ്യാപിപ്പിച്ചിരിക്കുന്നത്. 

നിലവില്‍ ദമ്മാമില്‍ നിന്ന് ലണ്ടൻ ഹീത്രോ, മുംബൈ, നെയ്റോബി, കെയ്റോ, ചെന്നൈ, ബാങ്കോക്ക്, കാസബ്ലാങ്ക, മനില, പാരീസ്, ഫ്രാങ്ക്ഫർട്ട്, ഇസ്താംബുള്‍, ഏഥൻസ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഗള്‍ഫ് എയർ താല്‍ക്കാലിക സർവീസുകള്‍ നടത്തുന്നുണ്ട്. പുതിയ സെക്ടറുകള്‍ കൂടി നിലവില്‍ വരുന്നതോടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും.

സ്ഥിരീകരിച്ച ബുക്കിംഗുകള്‍ കൈവശമുള്ള യാത്രക്കാർക്ക് ബഹ്റൈനും കിംഗ് ഫഹദ് വിമാനത്താവളത്തിനുമിടയില്‍ റോഡ് മാർഗ്ഗമുള്ള യാത്രാസൗകര്യം വിമാനക്കമ്പനി തന്നെ ഒരുക്കും. കൂടാതെ, ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കായി സൗദി അറേബ്യ ട്രാൻസിറ്റ് വിസ ലഭ്യമാക്കാൻ ആവശ്യമായ സഹായങ്ങളും ഗള്‍ഫ് എയർ നല്‍കുന്നുണ്ട്. ഗള്‍ഫ് എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ അംഗീകൃത ട്രാവല്‍ ഏജന്റുമാർ വഴി യാത്രക്കാർക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.