യുഎഇയില്‍ നിന്ന് ഒമാനിലേക്ക് വെറും 47 മിനിറ്റ്; മണിക്കൂറില്‍ 200 കി.മീ. വേഗത്തില്‍ 'ഹഫീത് റെയില്‍' വരുന്നു

റെയില്‍വേ യാഥാര്‍ത്ഥ്യമാകുന്നതോടെ അല്‍ ഐനില്‍ നിന്ന് ഒമാനിലെ സോഹാറിലേക്ക് എത്താന്‍ വെറും 47 മിനിറ്റ് മതിയാകും.

 

ട്രെയിന്‍ സര്‍വീസ് യാത്രാസമയത്തില്‍ വന്‍ കുറവ് വരുത്തുകയും ഗള്‍ഫ് മേഖലയിലെ വ്യാപാര-ടൂറിസം രംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുകയും ചെയ്യും.

യുഎഇയേയും ഒമാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചരിത്രപ്രധാനമായ 'ഹഫീത് റെയില്‍' പദ്ധതിയുടെ 40 ശതമാനം ജോലികള്‍ പൂര്‍ത്തിയായി. 200 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന ഈ ട്രെയിന്‍ സര്‍വീസ് യാത്രാസമയത്തില്‍ വന്‍ കുറവ് വരുത്തുകയും ഗള്‍ഫ് മേഖലയിലെ വ്യാപാര-ടൂറിസം രംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുകയും ചെയ്യും.
റെയില്‍വേ യാഥാര്‍ത്ഥ്യമാകുന്നതോടെ അല്‍ ഐനില്‍ നിന്ന് ഒമാനിലെ സോഹാറിലേക്ക് എത്താന്‍ വെറും 47 മിനിറ്റ് മതിയാകും. നിലവില്‍ റോഡ് മാര്‍ഗ്ഗം ഇത് ഒന്നര മണിക്കൂറിലധികമാണ്. അബുദാബിയില്‍ നിന്ന് സോഹാറിലേക്ക് 3 മണിക്കൂര്‍ 25 മിനിറ്റിന് പകരം 1 മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് എത്താനാകും.
ഏകദേശം 2.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 20,000 കോടിയിലധികം രൂപ) ചെലവഴിച്ചാണ് ഈ സംയുക്ത സംരംഭം നടപ്പിലാക്കുന്നത്. ഇതില്‍ ഇത്തിഹാദ് റെയില്‍, ഒമാന്‍ റെയില്‍, മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി എന്നിവര്‍ പങ്കാളികളാണ്.
പാസഞ്ചര്‍ ട്രെയിനുകള്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലും ചരക്ക് ട്രെയിനുകള്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലുമായിരിക്കും സഞ്ചരിക്കുക. സോഹാര്‍ തുറമുഖത്തെ യുഎഇയിലെ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ ചരക്ക് നീക്കം വേഗത്തിലാകും. ഇത് ഗള്‍ഫ് വിപണിയില്‍ സജീവമായ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കും ലോജിസ്റ്റിക്സ് കമ്പനികള്‍ക്കും വലിയ ഗുണം ചെയ്യും.