യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; പ്രമുഖ ഏജന്‍സി ഉടമ കുവൈറ്റില്‍ അറസ്റ്റില്‍

കൃത്യമായ കരാറുകളുണ്ടാക്കിയ ശേഷമാണ് പണം കൈപ്പറ്റിയത്.

 

വ്യക്തികളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവൃത്തിപരിചയത്തിനും അനുയോജ്യമായ ജോലി നേടിത്തരാമെന്നും യൂറോപ്പിലേക്കുള്ള വിസ നടപടികള്‍ വേഗത്തിലാക്കി നല്‍കുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലിയും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ പ്രമുഖ റിക്രൂട്ടിംഗ് ഏജന്‍സി ഉടമയെ കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരായ 25-ഓളം പ്രവാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് തലസ്ഥാന ഗവര്‍ണറേറ്റിലെ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്. സോഷ്യല്‍ മീഡിയ വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും ഏജന്‍സി നല്‍കിയ പരസ്യങ്ങളില്‍ ആകൃഷ്ടരായാണ് ഇരയായ പ്രവാസികള്‍ കമ്പനിയെ സമീപിച്ചത്.

വ്യക്തികളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവൃത്തിപരിചയത്തിനും അനുയോജ്യമായ ജോലി നേടിത്തരാമെന്നും യൂറോപ്പിലേക്കുള്ള വിസ നടപടികള്‍ വേഗത്തിലാക്കി നല്‍കുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഓരോരുത്തരില്‍ നിന്നും 2,000 മുതല്‍ 2,500 കുവൈറ്റ് ദിനാര്‍ വരെ (ഏകദേശം 5.5 ലക്ഷം മുതല്‍ 7 ലക്ഷം ഇന്ത്യന്‍ രൂപ വരെ) ഏജന്‍സി ഈടാക്കിയിരുന്നു. കൃത്യമായ കരാറുകളുണ്ടാക്കിയ ശേഷമാണ് പണം കൈപ്പറ്റിയത്.


മാസങ്ങള്‍ പിന്നിട്ടിട്ടും വിസയോ ജോലിയോ ലഭിക്കാതായതോടെയാണ് പ്രവാസികള്‍ തട്ടിപ്പ് തിരിച്ചറിഞ്ഞത്. പണം തിരികെ ആവശ്യപ്പെട്ടവരെ ഭീഷണിപ്പെടുത്താനും ഏജന്‍സി ഉടമ ശ്രമിച്ചു. വിസ നടപടികള്‍ക്കായി തുക ചെലവഴിച്ചെന്നും പണം തിരികെ നല്‍കാനാകില്ലെന്നുമുള്ള നിലപാടാണ് ഏജന്‍സി സ്വീകരിച്ചത്. തുടര്‍ന്നാണ് വഞ്ചിക്കപ്പെട്ട പ്രവാസികള്‍ പോലീസിനെ സമീപിച്ച് പരാതി നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.