വിദേശികള്‍ക്ക് ഒമാനില്‍ എല്ലാ പ്രദേശത്തും വസ്തു വാങ്ങാനാകില്ല; പുതിയ ഭേദഗതികളില്‍ വിശദീകരണവുമായി മന്ത്രാലയം

വിദേശികള്‍ക്ക് ഒമാനില്‍ എവിടെയും വസ്തുവകകള്‍ വാങ്ങാമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഈ വിശദീകരണം.

 

പുതിയ നിയമങ്ങള്‍ വിദേശികളുടെ താമസ അവകാശങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണെന്നും വിദേശികള്‍ക്കുള്ള വസ്തു ഉടമസ്ഥാവകാശത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഒമാനില്‍ വിദേശികള്‍ക്ക് എല്ലാ പ്രദേശങ്ങളിലും വസ്തുവകകള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും നിലവിലുള്ള നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമായിരിക്കും ഉടമസ്ഥാവകാശം ലഭിക്കുകയെന്നും ഒമാന്‍ ഭവന, നഗരാസൂത്രണ മന്ത്രാലയം വ്യക്തമാക്കി. വിദേശികളുടെ താമസാനുമതിയുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ചട്ടങ്ങളില്‍ അടുത്തിടെ വരുത്തിയ ഭേദഗതികള്‍ സംബന്ധിച്ചാണ് മന്ത്രാലയം വ്യക്തത വരുത്തിയിരിക്കുന്നത്. പുതിയ നിയമങ്ങള്‍ വിദേശികളുടെ താമസ അവകാശങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണെന്നും വിദേശികള്‍ക്കുള്ള വസ്തു ഉടമസ്ഥാവകാശത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

താമസാനുമതി നിയമത്തിലെ ഭേദഗതിക്ക് പിന്നാലെ വിദേശികള്‍ക്ക് ഒമാനില്‍ എവിടെയും വസ്തുവകകള്‍ വാങ്ങാമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഈ വിശദീകരണം. നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും കീഴില്‍ വരുന്ന നിര്‍ദ്ദിഷ്ട മേഖലകളില്‍ മാത്രമേ ഒമാന്‍ പൗരന്മാരല്ലാത്തവര്‍ക്ക് ഭൂമിയോ വീടോ വാങ്ങാന്‍ അനുവാദമുള്ളൂ. രാജ്യം മുഴുവന്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാന്‍ അനുമതിയുണ്ടെന്ന പ്രചാരണങ്ങള്‍ മന്ത്രാലയം പൂര്‍ണ്ണമായും തള്ളി.