മലയാളി ഉംറ തീര്‍ഥാടകക്ക് ദേഹാസ്വാസ്ഥ്യം; വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി

 



റിയാദ്: മലയാളി ഉംറ തീര്‍ഥാടകക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കാട് നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റിയാദ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. പ്രാഥമിക ചികിത്സക്ക് ശേഷം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ട് ദീറാബ് ഇമാം അബ്ദുറഹ്‌മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സുഖം പ്രാപിച്ചുവരികയാണ്.

സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്ക് വരികയായിരുന്ന മലപ്പുറം സ്വദേശിനിക്കാണ് വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായത്. ഭര്‍ത്താവും മകളും മരുമകനും കൂടെയുണ്ടായിരുന്നു. യാത്ര തുടങ്ങി ഏതാനും സമയം കഴിഞ്ഞയുടനെ തന്നെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥത പ്രകടമായി. ഇതേ തുടര്‍ന്ന് വിമാനത്തില്‍ പ്രാഥമിക ചികിത്സ ലഭിച്ചു. അതിനിടെ വിമാനം അടിയന്തര ലാന്റിംഗിനും ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ റിയാദ് എയര്‍ഇന്ത്യ മാനേജര്‍ വിക്രമിന്റെ ഇടപെടലില്‍ റിയാദില്‍ അടിയന്തര ലാന്റിംഗിന് അനുമതി ലഭിച്ചു. തുടര്‍ന്നാണ് റിയാദ് കിംദ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തത്.

വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘം പ്രരിശോധിച്ച ശേഷം ഉടന്‍ തന്നെ എയര്‍ ഇന്ത്യ അധികൃതര്‍ റിയാദിലെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്‍ഷുറന്‍സില്ലെന്ന പേരില്‍ തിരിച്ചയച്ചതായി രോഗിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു.

പിന്നീട് ദീറാബിലെ ഇമാം അബ്ദുറഹ്‌മാന്‍ ആശുപത്രിയിലെത്തിച്ചു. അവിടെ അഡ്മിറ്റ് ചെയ്തു. ഉംറക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉപയോഗിച്ചാണ് ചികിത്സ നടന്നത്. സുഖം പ്രാപിച്ച ഇവരെ വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തു. മകളാണ് ആശുപത്രിയില്‍ കൂടെയുണ്ടായിരുന്നത്. ഭര്‍ത്താവും മരുമകനും ആ വിമാനത്തില്‍ ജിദ്ദയിലേക്ക് പോയിരുന്നു.