റിയാദിലെ ആറ് പ്രധാന ബിസിനസ്സ് മേഖലകളില്‍ ഫ്‌ലെക്‌സിബിള്‍ പ്രവൃത്തി സമയത്തിന് തുടക്കമായി
റിയാദിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക, ദൈനംദിന യാത്രാസൗകര്യം മെച്ചപ്പെടുത്തുക, ജീവിതനിലവാരം ഉയര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി.
റിയാദ് സിറ്റി റോയല്‍ കമ്മീഷനും മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
സൗദി റിയാദിലെ ആറ് പ്രധാന ബിസിനസ്സ് മേഖലകളില്‍ ഫ്‌ലെക്‌സിബിള്‍ പ്രവൃത്തി സമയത്തിന് തുടക്കമായി. റിയാദിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക, ദൈനംദിന യാത്രാസൗകര്യം മെച്ചപ്പെടുത്തുക, ജീവിതനിലവാരം ഉയര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. റിയാദ് സിറ്റി റോയല്‍ കമ്മീഷനും മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. നിര്‍ദ്ദിഷ്ട പ്രവൃത്തി മേഖലകളില്‍ സ്ഥിതി ചെയ്യുന്ന അമ്പതിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി നാല് മണിക്കൂര്‍ നീളുന്ന ഫ്‌ലെക്‌സിബിള്‍ അറ്റന്‍ഡന്‍സ് വിന്‍ഡോയാണ് (ഓഫീസിലെത്താനുള്ള സമയക്രമം) ഈ പദ്ധതിയിലൂടെ അവതരിപ്പിക്കുന്നത്.
കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ്, ഡിജിറ്റല്‍ സിറ്റി, ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍, ലെയ്സന്‍ വാലി, ഗ്രനാഡ ബിസിനസ്സ്, റോഷ്ന്‍ ഫ്രണ്ട് എന്നിവയാണ് ഈ പദ്ധതിയുടെ പരിധിയില്‍ വരുന്ന ആറ് നിര്‍ദ്ദിഷ്ട മേഖലകള്‍. സ്ഥിരമായ പ്രവൃത്തി സമയമുള്ള ഭരണപരമായ തസ്തികകള്‍ക്കാണ് ഈ പദ്ധതി ബാധകമാവുക. ആരോഗ്യരംഗവും പൊതുവിദ്യാഭ്യാസവും ഉള്‍പ്പെടെ നിരന്തരമായ ജീവനക്കാരുടെ സാന്നിധ്യവും സേവനവും ആവശ്യമുള്ള മേഖലകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.