പാര്‍ക്കുകളില്‍ ഇനി ഫിറ്റ്‌നസ് സെന്ററുകള്‍

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പകല്‍വീടുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള ഡേ-കെയര്‍ സേവനങ്ങള്‍ എന്നിവയ്ക്കും ഇവിടെ അനുമതിയുണ്ടാകും.

 

പാര്‍ക്കുകളുടെ വലുപ്പമനുസരിച്ചാണ് അവിടെ അനുവദനീയമായ പ്രവര്‍ത്തനങ്ങളെ പുതിയ ചട്ടക്കൂടില്‍ തരംതിരിച്ചിരിക്കുന്നത്.

സൗദി അറേബ്യയിലെ പൊതു പാര്‍ക്കുകള്‍ ഇനി വിശ്രമിക്കാന്‍ മാത്രമുള്ള ഇടങ്ങളാകില്ല. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ ഉത്തേജനം നല്‍കാനും ലക്ഷ്യമിട്ട്, പാര്‍ക്കുകളില്‍ വിപുലമായ വാണിജ്യ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ രാജ്യം ഒരുങ്ങുകയാണ്. സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ കരട് ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കര്‍ശനമായ ആസൂത്രണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിരിക്കും പാര്‍പ്പിട മേഖലകളിലെ പാര്‍ക്കുകളില്‍ ഇത്തരം വാണിജ്യ, വിനോദ, സാമൂഹിക സേവനങ്ങള്‍ അനുവദിക്കുക.

പാര്‍ക്കുകളുടെ വലുപ്പമനുസരിച്ചാണ് അവിടെ അനുവദനീയമായ പ്രവര്‍ത്തനങ്ങളെ പുതിയ ചട്ടക്കൂടില്‍ തരംതിരിച്ചിരിക്കുന്നത്. 5,000 ചതുരശ്ര മീറ്ററോ അതില്‍ കൂടുതലോ വിസ്തീര്‍ണ്ണമുള്ള വലിയ പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ഫിറ്റ്നസ് സെന്ററുകള്‍, വിനോദ കേന്ദ്രങ്ങള്‍, ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ എന്നിവ തുടങ്ങാം. ഇതിന് പുറമെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പകല്‍വീടുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള ഡേ-കെയര്‍ സേവനങ്ങള്‍ എന്നിവയ്ക്കും ഇവിടെ അനുമതിയുണ്ടാകും.

കുറഞ്ഞത് 1,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പാര്‍ക്കുകളില്‍ പച്ചക്കറി-പഴവര്‍ഗ്ഗ വിപണന കേന്ദ്രങ്ങളും ഹൈഡ്രോപോണിക് കൃഷി (മണ്ണില്ലാത്ത കൃഷിരീതി) പ്രോജക്റ്റുകളും ആരംഭിക്കാന്‍ സാധിക്കും. 1,200 ചതുരശ്ര മീറ്ററോ അതില്‍ കൂടുതലോ വിസ്തൃതിയുള്ള ചെറിയ പാര്‍ക്കുകളില്‍ കഫേകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, ഫ്രഷ് ജ്യൂസ് സ്റ്റാളുകള്‍, പൂക്കടകള്‍ എന്നിവയ്ക്കും അനുമതി നല്‍കും.