ദുബായില്‍ ഇനി ആഘോഷക്കാലം; ഗ്ലോബല്‍ വില്ലേജിനൊപ്പം സഫാരി പാര്‍ക്കും ഒക്ടോബറില്‍ തുറക്കും


പാര്‍ക്കിന്റെ വന്യജീവി സംരക്ഷണ ദൗത്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് 'ലൈവ് മോര്‍ വൈല്‍ഡ് ലൈഫ്' എന്ന പുതിയ ബ്രാന്‍ഡ് പ്ലാറ്റ്ഫോമും ഇതോടൊപ്പം അവതരിപ്പിക്കും.

 

ഒക്ടോബര്‍ 14നാണ് ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണിന് ആരംഭമാകുക.

ദുബായില്‍ ഗ്ലോബല്‍ വില്ലേജിന് ഒപ്പം സഫാരി പാര്‍ക്കും തുറക്കുന്നു. ഒക്ടോബര്‍ 12-ന് പാര്‍ക്ക് ഔദ്യോഗികമായി പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നുനല്‍കും. തൊട്ടുപിന്നാലെ ഒക്ടോബര്‍ 14നാണ് ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണിന് ആരംഭമാകുക.


പാര്‍ക്കിന്റെ വന്യജീവി സംരക്ഷണ ദൗത്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് 'ലൈവ് മോര്‍ വൈല്‍ഡ് ലൈഫ്' എന്ന പുതിയ ബ്രാന്‍ഡ് പ്ലാറ്റ്ഫോമും ഇതോടൊപ്പം അവതരിപ്പിക്കും. സന്ദര്‍ശകരെ വന്യജീവികള്‍, പരിസ്ഥിതി സംരക്ഷണം, പ്രകൃതി എന്നിവയുമായി കൂടുതല്‍ അടുപ്പിക്കുകയാണ് ലക്ഷ്യം. ഏഴാം സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് പാര്‍ക്ക് പുതിയ മാറ്റങ്ങളോടെ വീണ്ടും എത്തുന്നത്.
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച നാല് ദിവസം നീണ്ടുനിന്ന ആഗോള ടൂറിസം മേളയായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലാണ് പ്രഖ്യാപനങ്ങള്‍ നടന്നത്. ഇതിന് പുറമെ, 'റോയല്‍ സഫാരി എക്‌സ്പീരിയന്‍സ്' എന്ന പേരില്‍ പുതിയൊരു സ്വകാര്യ ഗൈഡഡ് ടൂറും സഫാരി പാര്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. 10 പേര്‍ വരെയുള്ള ഗ്രൂപ്പുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ നാല് മണിക്കൂര്‍ പാക്കേജില്‍ വിഐപി പരിഗണന, റിസര്‍വ് ചെയ്ത സീറ്റുകള്‍, പാര്‍ക്കിനുള്ളിലെ പ്രത്യേക ഗൈഡഡ് ടൂര്‍ എന്നിവ ഉള്‍പ്പെടുന്നു.

ഒക്ടോബര്‍ 14-ന് 'എ മോര്‍ വണ്ടര്‍ഫുള്‍ വേള്‍ഡ്' എന്ന പുതിയ പ്രമേയത്തിലാണ് ഗ്ലോബല്‍ വില്ലേജ് ഇത്തവണ സന്ദര്‍ശകരെ സ്വീകരിക്കുന്നത്. 2027 മേയ് വരെ നീളുന്ന പുതിയ സീസണിലെ പ്രധാന ആകര്‍ഷണങ്ങള്‍ വരും ആഴ്ചകളില്‍ പ്രഖ്യാപിക്കും. ?ഗ്ലോബല്‍ വില്ലേജും സഫാരി പാര്‍ക്കുമെല്ലാം വേനല്‍ക്കാല ഇടവേളയ്ക്ക് ശേഷം തുറക്കാനൊരുങ്ങുന്നതോടെ ദുബായില്‍ ആഘോഷ രാവുകളാണ് ഇനി വരാനിരിക്കുന്നത്.