യുഎഇയിലെ താമസക്കാര്‍ക്ക് ഇനി ആഘോഷ കാലം
ഗ്ലോബല്‍ വില്ലേജ്, ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍, ദുബായ് സഫാരി പാര്‍ക്ക്, ദുബായ് പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ് എന്നിവയുടെ തിരിച്ചുവരവിനൊപ്പം വിവിധ സാംസ്‌കാരിക, കായിക, ഭക്ഷ്യമേളകളും ഒക്ടോബറിനെ സജീവമാക്കും.
നിരവധി വിനോദസഞ്ചാര- കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുകയാണ്.
യുഎഇയിലെ താമസക്കാര്‍ക്ക് ഒക്ടോബര്‍ മാസം വര്‍ഷത്തിലെ ഏറ്റവും ആവേശകരമായ കാലഘട്ടത്തിന്റെ തുടക്കമാണ്. കടുത്ത വേനലിന് വിരാമമാകുന്നതോടെ അടച്ചിട്ടിരുന്ന നിരവധി വിനോദസഞ്ചാര- കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുകയാണ്. ഗ്ലോബല്‍ വില്ലേജ്, ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍, ദുബായ് സഫാരി പാര്‍ക്ക്, ദുബായ് പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ് എന്നിവയുടെ തിരിച്ചുവരവിനൊപ്പം വിവിധ സാംസ്‌കാരിക, കായിക, ഭക്ഷ്യമേളകളും ഒക്ടോബറിനെ സജീവമാക്കും.
മോഷന്‍ഗേറ്റ് ദുബായ്, റയല്‍ മാഡ്രിഡ് വേള്‍ഡ്, ലെഗോലാന്‍ഡ് ദുബായ് റിസോര്‍ട്ട്, റിവര്‍ലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന ദുബായ് പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ് ഒക്ടോബര്‍ 7ന് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കും. കുടുംബങ്ങള്‍ക്കായി നിരവധി വിനോദാനുഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 150 മില്യണിലധികം പൂക്കളാല്‍ അലങ്കരിച്ച ദുബായ് മിറക്കിള്‍ ഗാര്‍ഡന്റെ 15-ാം സീസണ്‍ ഒക്ടോബര്‍ 8ന് തുറക്കും. പൂക്കളാല്‍ ഒരുക്കിയ വിസ്മയകരമായ ശില്‍പങ്ങളും കുടുംബ സൗഹൃദ ആകര്‍ഷണങ്ങളും സന്ദര്‍ശകരെ കാത്തിരിക്കും.
ദുബായിലെ ഏറ്റവും ജനപ്രിയ സീസണല്‍ ആകര്‍ഷണങ്ങളിലൊന്നായ ഗ്ലോബല്‍ വില്ലേജിന്റെ 31-ാം സീസണ്‍ ഒക്ടോബര്‍ 14ന് തുറക്കും. 2027 മേയ് വരെ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ വില്ലേജില്‍ അന്താരാഷ്ട്ര പവിലിയനുകള്‍ , ഭക്ഷണ സ്റ്റാളുകള്‍, ഷോപ്പിംഗ്, വിനോദ പരിപാടികള്‍ എന്നിവ ഉണ്ടാകും.
ദുബായ് സഫാരി പാര്‍ക്ക് ഒക്ടോബര്‍ 12ന് വീണ്ടും തുറക്കും. പുതിയ 'ലൈവ് മോര്‍ വൈല്‍ഡ് ലൈഫ്' എന്ന ബ്രാന്‍ഡ് ആശയത്തോടെയാണ് ഇത്തവണ സീസണ്‍ ആരംഭിക്കുന്നത്. 10 പേര്‍ വരെ പങ്കെടുക്കാവുന്ന പ്രത്യേക 'റോയല്‍ സഫാരി എക്‌സ്പീരിയന്‍സ്' പാക്കേജും ഒരുക്കുന്നുണ്ട്.
10ാം പതിപ്പുമായി ദുബായ് ഫിറ്റ്‌നസ് ചലഞ്ച് ഒക്ടോബര്‍ 31ന് ആരംഭിക്കും. നവംബര്‍ 29 വരെ നീളുന്ന പരിപാടിയില്‍ 30 ദിവസം തുടര്‍ച്ചയായി ദിവസവും കുറഞ്ഞത് 30 മിനിറ്റ് ഫിസിക്കല്‍ ആക്റ്റിവിറ്റികളില്‍ ഏര്‍പ്പെടാന്‍ താമസക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അബുദാബി ഫെസ്റ്റിവല്‍ ഒക്ടോബര്‍ 10 മുതല്‍ ഡിസംബര്‍ 19 വരെ നടക്കും. സംഗീതം, കലാപരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ പങ്കെടുക്കും.