ഖത്തറില്‍ നാല് കിലോഗ്രാമിലധികം മയക്കുമരുന്നുമായി പ്രവാസി പിടിയിൽ 

 

ദോഹ: ഖത്തറില്‍ നാല് കിലോഗ്രാമിലധികം മയക്കുമരുന്നുമായി പ്രവാസി പിടിയിൽ . പരിശോധനാ സംവധാനങ്ങളെയും ഉദ്യോഗസ്ഥരെയും  അതിവിദഗ്ധമായി കബളിപ്പിച്ച് മയക്കുമരുന്ന് എത്തിച്ച ഇയാളെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് ആണ് അറസ്റ്റ് ചെയ്‍തത്.

പാര്‍സലിലൂടെ ഇയാള്‍ക്ക് എത്തിയ കര്‍ട്ടനുകളിലായിരുന്നു ഉദ്യോഗസ്ഥരുടെ സംശയം. ഷാബു എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മെറ്റാംഫിറ്റമീന്‍ എന്ന ലഹരി പദാര്‍ത്ഥം ദ്രാവക രൂപത്തിലാക്കി അത് കര്‍ട്ടനുകളില്‍ ഒഴിച്ച ശേഷമാണ് നനഞ്ഞ കര്‍ട്ടനുകള്‍ ഇയാള്‍ക്ക് പാര്‍സലില്‍ എത്തിയത്. ഇവയില്‍ നിന്ന് മയക്കുമരുന്ന് വേര്‍തിരിച്ചെടുത്ത ശേഷം ലഹരി പദാര്‍ത്ഥങ്ങള്‍ പ്രത്യേക കണ്ടെയ്‍നറുകളിലാക്കി ഇയാള്‍ താമസസ്ഥലത്ത് സൂക്ഷിച്ചു.

മയക്കുമരുന്ന് കടത്ത് സംബന്ധിച്ച തെളിവുകള്‍ നിരത്തി ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ദ്രാവക രൂപത്തിലുള്ള മെറ്റാംഫിറ്റമീന്‍ ഉപയോഗിച്ച് നനച്ച തുണികളില്‍ നിന്ന് മയക്കുമരുന്ന് വേര്‍തിരിച്ചെടുക്കുന്ന രീതികളും ഇതിന് ഉപയോഗിക്കുന്ന സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. തുടര്‍‍ നടപടികള്‍ക്കായി ഇയാളെയും പിടിച്ചെടുത്ത സാധനങ്ങളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.