ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയാൽ നിയമനടപടി: സൗദിയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി എംബസി

സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർ രാജ്യത്തെ പ്രാദേശിക നിയമങ്ങളും സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും നിർദേശിച്ചു. ഡ്രോണുകളും മിസൈലുകളും പ്രതിരോധിക്കുന്നതിന്റെയോ, അവ പതിച്ച സ്ഥലങ്ങളുടെയോ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ചിത്രീകരിക്കുകയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

 

റിയാദ്: സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർ രാജ്യത്തെ പ്രാദേശിക നിയമങ്ങളും സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും നിർദേശിച്ചു. ഡ്രോണുകളും മിസൈലുകളും പ്രതിരോധിക്കുന്നതിന്റെയോ, അവ പതിച്ച സ്ഥലങ്ങളുടെയോ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ചിത്രീകരിക്കുകയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

യെമനിലെ ഹൂതി വിമതർ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സൗദി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്നതും പങ്കുവെക്കുന്നതും ഗുരുതരമായ നിയമലംഘനമാണെന്നും അത് ചെയ്യുന്നവർ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും സിവിൽ ഡിഫൻസ് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇന്ത്യൻ എംബസിയും ഔദ്യോഗികമായി ഈ നിർദേശം പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി സഖ്യസേനയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി റിപ്പോർട്ടുണ്ട്.

മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും വിമാന സർവീസുകളിലെ തടസ്സങ്ങളും കണക്കിലെടുത്ത് റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ നവംബർ ഏഴ് വരെ നിർത്തിവെച്ചതായി എംബസി അറിയിച്ചു. ജിദ്ദയിലേക്കുള്ള സർവീസുകൾ ഈ മാസം 31 വരെയും നിർത്തിവെച്ചിരിക്കുകയാണ്.