സസ്യങ്ങളില്‍ നിന്ന് പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് ; ബഹ്‌റൈനില്‍ പുതിയ പരീക്ഷണം

മരച്ചീനി (കസവ) വേരില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന അന്നജം, സസ്യ എണ്ണകളുടെ ഘടകങ്ങള്‍, പ്രകൃതിയില്‍ എളുപ്പത്തില്‍ അലിഞ്ഞുചേരുന്ന മറ്റ് ജൈവ വസ്തുക്കള്‍ എന്നിവ ഉപയോഗിച്ചാണ് ഇവിടെ കവറുകളും പാക്കേജിംഗ് ഉത്പ്പന്നങ്ങളും തയ്യാറാക്കുന്നത്.

 

പൂര്‍ണ്ണമായും പ്രകൃതിദത്തമായ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് പാക്കേജിംഗ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്.

പരമ്പരാഗത പ്ലാസ്റ്റിക് കവറുകള്‍ക്കും പാക്കേജിംഗ് ഉത്പ്പന്നങ്ങള്‍ക്കും പകരമായി സസ്യങ്ങളില്‍ നിന്ന് പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് (ബയോപ്ലാസ്റ്റിക്) നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്രത്യേക ഉത്പ്പാദന കേന്ദ്രം ബഹ്റൈനിലെ ഹിദ്ദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹിദ്ദ് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 'ലാലാപ്ലാസ്റ്റ് ബയോപ്ലാസ്റ്റിക്‌സ്' ആണ് ഈ പുതിയ കേന്ദ്രത്തിന് നേതൃത്വം നല്‍കുന്നത്. 2023-ല്‍ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട കമ്പനി, പൂര്‍ണ്ണമായും പ്രകൃതിദത്തമായ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് പാക്കേജിംഗ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്.


മരച്ചീനി (കസവ) വേരില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന അന്നജം, സസ്യ എണ്ണകളുടെ ഘടകങ്ങള്‍, പ്രകൃതിയില്‍ എളുപ്പത്തില്‍ അലിഞ്ഞുചേരുന്ന മറ്റ് ജൈവ വസ്തുക്കള്‍ എന്നിവ ഉപയോഗിച്ചാണ് ഇവിടെ കവറുകളും പാക്കേജിംഗ് ഉത്പ്പന്നങ്ങളും തയ്യാറാക്കുന്നത്. പെട്രോളിയം ഉത്പ്പന്നങ്ങളില്‍ നിന്ന് നിര്‍മ്മിക്കുന്ന സാധാരണ പ്ലാസ്റ്റിക്കുകള്‍ക്ക് പകരമായി, വീണ്ടും ഉത്പ്പാദിപ്പിക്കാന്‍ കഴിയുന്ന സസ്യവിഭവങ്ങളില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.

ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്കും മറ്റ് പാക്കേജിംഗ് വസ്തുക്കള്‍ക്കും മികച്ചൊരു ബദല്‍ ഒരുക്കുന്നതിലൂടെ, ബഹ്റൈനിലെ വ്യവസായ മേഖലയ്ക്ക് പുതിയൊരു ദിശാബോധം നല്‍കാനും ഈ കേന്ദ്രത്തിന് സാധിക്കും.