ദുബായിലേക്ക് പോണമെന്ന് വാശിപിടിച്ചു കരഞ്ഞ കെനിയന്‍ ബാലനെ സ്വാഗതം ചെയ്ത് ദുബായ് കിരീടാവകാശിയുടെ സര്‍പ്രൈസ്

ശൈഖ് ഹംദാന്റെ ഈ അപ്രതീക്ഷിത പ്രതികരണത്തില്‍ താന്‍ വികാരാധീനയായെന്നും ഇത് വലിയൊരു ബഹുമതിയാണെന്നും മരിയ ന്യംബാനെ പിന്നീട് കുറിച്ചു.

 

കെനിയന്‍ കണ്ടന്റ് ക്രിയേറ്ററായ മരിയ ന്യംബാനെയാണ് തന്റെ മകന്‍ മിലാന്‍ കരയുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

ദുബായ് സന്ദര്‍ശിക്കാന്‍ വാശിപിടിച്ച് കരയുന്ന മിലാന്‍ എന്ന കെനിയന്‍ ബാലനെ ദുബായിലേക്ക് സ്വാഗതം ചെയ്ത് ജനഹൃദയം കീഴടക്കി ദുബായ് കിരീടാവകാശിയും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും.

കെനിയന്‍ കണ്ടന്റ് ക്രിയേറ്ററായ മരിയ ന്യംബാനെയാണ് തന്റെ മകന്‍ മിലാന്‍ കരയുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ദുബായ് എന്ന 'ഗ്രഹത്തിലേക്ക്' പോകണമെന്നാണ് മിലാന്റെ ആഗ്രഹം. ദുബായെ മറ്റൊരു ഗ്രഹമെന്നാണ് കുട്ടി വിശേഷിപ്പിച്ചത്. 'ഞാന്‍ കഠിനാധ്വാനം ചെയ്ത് പണമുണ്ടാക്കി നിന്നെ ദുബായില്‍ കൊണ്ടുപോകാം' എന്ന് അമ്മ അവനെ ആശ്വസിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. മകന്റെ വലിയ ആഗ്രഹങ്ങളെയും വികാരങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് കാണിക്കാനാണ് മരിയ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റാഗ്രാമില്‍ 1.7 കോടിയിലധികം ഫോളോവേഴ്‌സുള്ള ശൈഖ് ഹംദാന്‍ ഈ വീഡിയോ തന്റെ സ്റ്റോറിയായി റീപോസ്റ്റ് ചെയ്തു. 'നിങ്ങളെ ദുബായില്‍ കാണുന്നത് എന്നെ വളരെയധികം സന്തോഷിപ്പിക്കും, ഉടനെ തന്നെ അത് സംഭവിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു' എന്ന സ്‌നേഹപൂര്‍വ്വമായ സന്ദേശമാണ് അദ്ദേഹം ബാലനും അമ്മയ്ക്കുമായി നല്‍കിയത്. ശൈഖ് ഹംദാന്റെ ഈ അപ്രതീക്ഷിത പ്രതികരണത്തില്‍ താന്‍ വികാരാധീനയായെന്നും ഇത് വലിയൊരു ബഹുമതിയാണെന്നും മരിയ ന്യംബാനെ പിന്നീട് കുറിച്ചു.