ദുബായിലും വടക്കന്‍ എമിറേറ്റുകളിലും സാധാരണ തൊഴിലാളികളെ ഇരകളാക്കി വന്‍ തട്ടിപ്പ്

നാട്ടിലേക്ക് മടങ്ങാനുള്ള അടിയന്തര പാസ്‌പോര്‍ട്ട്, രേഖകള്‍, വിസ ശരിയാക്കാനുള്ള രേഖകള്‍, ജോലി ശരിയാക്കല്‍ എന്നിവയുടെ പേരിലാണ് സാധാരണ തൊഴിലാളികളെ വരെ പറ്റിക്കുന്ന തട്ടിപ്പ്.

 

നിരപരാധികള്‍ ജയിലില്‍ പോകുന്ന സ്ഥിതിയാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ദുബായിലും വടക്കന്‍ എമിറേറ്റുകളിലും സാധാരണ തൊഴിലാളികളെ ഇരകളാക്കി വന്‍ തട്ടിപ്പ്. പാസ്‌പോര്‍ട്ട്, തൊഴില്‍ രേഖകള്‍ എന്നിവയുടെ പേരില്‍ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പടെ കൈക്കലാക്കിയുള്ള തട്ടിപ്പിനെതിരെയാണ് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. തട്ടിയെടുത്ത വിവരങ്ങള്‍ വെച്ച് സംഘം വന്‍തുക വായ്പ്പ ഉള്‍പ്പടെ എടുക്കുന്നതോടെ നിരപരാധികള്‍ ജയിലില്‍ പോകുന്ന സ്ഥിതിയാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

നാട്ടിലേക്ക് മടങ്ങാനുള്ള അടിയന്തര പാസ്‌പോര്‍ട്ട്, രേഖകള്‍, വിസ ശരിയാക്കാനുള്ള രേഖകള്‍, ജോലി ശരിയാക്കല്‍ എന്നിവയുടെ പേരിലാണ് സാധാരണ തൊഴിലാളികളെ വരെ പറ്റിക്കുന്ന തട്ടിപ്പ്. അറിവില്ലാതെ അകപ്പെടുന്നവരുടെ രേഖകള്‍ ഏജന്‍ന്റുമാര്‍ കൈക്കലാക്കുന്നു. ബാങ്ക് വിവരങ്ങള്‍, മുഖവും വിരലടയാളവും ഉള്‍പ്പടെ കൈക്കലാക്കിയ ശേഷം ഇവരുടെ പേരില്‍ വായ്പ്പകളോ ക്രെഡിറ്റ് കാര്‍ഡോ ബാങ്ക് അക്കൗണ്ടോ എടുക്കുന്നു. ഒന്നുമറിയാത്ത സാധാരണക്കാര്‍ യാത്രാ വിലക്ക് വരുമ്പോഴോ ജയിലിലാകുമ്പോഴോ ആണ് തട്ടിപ്പ് തിരിച്ചറിയുക. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് കോണ്‍സുലേറ്റിന്റെ ഇടപെടല്‍. പരിചയമില്ലാത്തവര്‍ക്ക് പാസ്‌പോര്‍ട്ടോ, ബാങ്ക് രേഖകളോ വിവരങ്ങളോ നല്‍കരുത് എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. അംഗീകൃത യുഎഇ സര്‍ക്കാര്‍ ഏജന്‍സികളില്‍ മാത്രമേ ബയോമെട്രിക് വിവരങ്ങള്‍ നല്‍കാവൂ. കോണ്‍സുലേറ്റിനും എംബസിക്കും ഈ വിവരങ്ങള്‍ ആവശ്യപ്പെടാറില്ലെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.