റെക്കോര്‍ഡ് നേട്ടവുമായി ദുബായ് എയര്‍പോര്‍ട്ട്
റെക്കോര്‍ഡ് നേട്ടവുമായി ദുബായ് എയര്‍പോര്‍ട്ട്
ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടിനെ വലിയ വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് ദുബായ് എയര്‍പോര്‍ട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
നവംബര്‍ മാസത്തില്‍ പുറപ്പെടുന്ന വിമാനങ്ങളിലായി മാത്രം 44.7 ലക്ഷം അന്താരാഷ്ട്ര സീറ്റുകളാണ് വിമാനക്കമ്പനികള്‍ ഇവിടെ ലഭ്യമാക്കിയത്.
ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന പ്രൗഢമായ പദവി വീണ്ടും നിലനിര്‍ത്തി ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. പ്രമുഖ ആഗോള ഏവിയേഷന്‍ ഡാറ്റാ ദാതാക്കളായ 'ഒ.എ.ജി' (OAG) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, നവംബര്‍ മാസത്തില്‍ പുറപ്പെടുന്ന വിമാനങ്ങളിലായി മാത്രം 44.7 ലക്ഷം അന്താരാഷ്ട്ര സീറ്റുകളാണ് വിമാനക്കമ്പനികള്‍ ഇവിടെ ലഭ്യമാക്കിയത്. വരവും പോക്കുമടക്കം ഇത് ഏകദേശം 89.4 ലക്ഷം സീറ്റുകള്‍ക്ക് തുല്യമാണ്.
ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടിനെ വലിയ വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് ദുബായ് എയര്‍പോര്‍ട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഹീത്രൂവില്‍ 37.9 ലക്ഷം അന്താരാഷ്ട്ര സീറ്റുകളാണുള്ളത്. കൊറിയയിലെ സിയൂള്‍ ഇഞ്ചിയോണ്‍ എയര്‍പോര്‍ട്ട് (37 ലക്ഷം സീറ്റുകള്‍) മൂന്നാം സ്ഥാനത്തും സിംഗപ്പൂരിലെ ചാങ്കി എയര്‍പോര്‍ട്ട് (35.8 ലക്ഷം) നാലാം സ്ഥാനത്തും ആംസ്റ്റര്‍ഡാമിലെ ഷിപോള്‍ എയര്‍പോര്‍ട്ട് (32.5 ലക്ഷം) അഞ്ചാം സ്ഥാനത്തുമെത്തി.