ഉംറ വിസയുടെ മറവില്‍ യാചകരെ അയക്കരുത്'; പാകിസ്താന് മുന്നറിയിപ്പുമായി സൗദി ഭരണകൂടം

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പാകിസ്താന് ഏറെ അവമതിപ്പുണ്ടാക്കിയ സംഭവമായി ഇത് മാറി.
 

ഉംറ വിസയുടെ മറവില്‍ പാക്കിസ്ഥാനില്‍ നിന്നും യാചകര്‍ സൗദിയിലെത്തുന്നത് തടയണമെന്ന് സൗദി ഭരണകൂടം. ഇതിനെതിരെ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സൗദി ഭരണകൂടം ആവശ്യപ്പെട്ടെന്നാണ് വാര്‍ത്ത. 

 ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പാകിസ്താനില്‍ നിന്നുള്ള ഉംറ, ഹജ്ജ് തീര്‍ത്ഥാടകരെ അത് പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും സൗദി നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിന് പിന്നാലെ ഉംറ നിയമം രാജ്യത്ത് നടപ്പാക്കാന്‍ പാകിസ്താന്‍ മതകാര്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഉംറ തീര്‍ത്ഥാടനത്തിന് സൗകര്യമൊരുക്കുന്ന ട്രാവല്‍ ഏജന്‍സികളെ നിയന്ത്രിക്കുക, അവയെ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് നിയമം നടപ്പാക്കുന്നത്.
നേരത്തെ സൗദി അംബാസഡര്‍ നവാഫ് ബിന്‍ സെയ്ദ് അഹ്‌മദ് അല്‍-മല്‍കിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാക് ആഭ്യന്തരകാര്യ മന്ത്രി മൊഹ്‌സിന്‍ നഖ്വി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയെന്നും യാചകരെ സൗദിയിലേക്ക് അയക്കുന്ന മാഫിയകളെ നിയന്ത്രിക്കുമെന്ന് ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പാകിസ്താന് ഏറെ അവമതിപ്പുണ്ടാക്കിയ സംഭവമായി ഇത് മാറി. സംഭവത്തില്‍ പാകിസ്താനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം തുടങ്ങി.