കുറഞ്ഞ ശമ്പളം മതിയെന്ന പേരില്‍ വീട്ടുജോലിക്കാരെ നല്‍കുന്ന വ്യാജ പരസ്യങ്ങളെ വിശ്വസിക്കരുത് ; നിര്‍ദ്ദേശവുമായി ദുബായ് പൊലീസ്
അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ വീട്ടുജോലിക്കാരെ നിയമിക്കുന്നത് വീടുകളില്‍ മോഷണം ഉള്‍പ്പെടെയുള്ള ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം.
അജ്ഞാത സ്രോതസ്സുകളില്‍ നിന്നുള്ള ഒറ്റ പരസ്യം പോലും ആളുകളുടെ പണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളുടെ തുടക്കമാകാം
ആകര്‍ഷകമായ ഓഫറുകളും കുറഞ്ഞ ചെലവും വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരെ നല്‍കുന്ന വ്യാജ പരസ്യങ്ങള്‍ക്കും അംഗീകാരമില്ലാത്ത റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കുമെതിരെ യുഎഇ നിവാസികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ആകര്‍ഷകമെന്ന് തോന്നിക്കുന്ന ഇത്തരം ഓഫറുകളില്‍ വീഴുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനും മറ്റ് സുരക്ഷാ ഭീഷണികള്‍ക്കും വഴിതുറക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അജ്ഞാത സ്രോതസ്സുകളില്‍ നിന്നുള്ള ഒറ്റ പരസ്യം പോലും ആളുകളുടെ പണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളുടെ തുടക്കമാകാം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ബോധവത്ക്കരണ വീഡിയോയിലൂടെയാണ് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ വഴി വീട്ടുജോലിക്കാരെ തിരഞ്ഞെടുക്കുന്നത് പണവും നിയമപരമായ അവകാശങ്ങളും നഷ്ടപ്പെടുത്തുമെന്ന് മാത്രമല്ല, വലിയ നിയമനടപടികള്‍ നേരിടേണ്ട സാഹചര്യവും ഉണ്ടാക്കിയേക്കാം.
അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ വീട്ടുജോലിക്കാരെ നിയമിക്കുന്നത് വീടുകളില്‍ മോഷണം ഉള്‍പ്പെടെയുള്ള ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. അതിനാല്‍ കുറഞ്ഞ നിരക്കുകള്‍ കണ്ട് മാത്രം ആരും ഇത്തരം ഏജന്‍സികളെ സമീപിക്കരുത്. ആദ്യനോട്ടത്തില്‍ ലാഭകരമെന്ന് തോന്നുന്ന കാര്യങ്ങള്‍ പിന്നീട് വന്‍ സാമ്പത്തിക ബാധ്യതയായി മാറിയേക്കാം.