ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഇനി ഡിജിറ്റല്‍; മാറ്റങ്ങളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

പുതിയ ഡിജിറ്റല്‍ സംവിധാനത്തോടൊപ്പം വിസ അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ മന്ത്രാലയം കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.

 

കുവൈറ്റിന്റെ ഏകീകൃത സര്‍ക്കാര്‍ ആപ്പായ 'സഹില്‍' വഴി സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇനിമുതല്‍ ഗാര്‍ഹിക വിസയ്ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം

ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായി സഹകരിച്ച് മന്ത്രാലയത്തിന്റെ ഐടി വിഭാഗമാണ് പുതിയ ഓണ്‍ലൈന്‍ വിസ സേവനത്തിന് തുടക്കമിട്ടത്. കുവൈറ്റിന്റെ ഏകീകൃത സര്‍ക്കാര്‍ ആപ്പായ 'സഹില്‍' വഴി സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇനിമുതല്‍ ഗാര്‍ഹിക വിസയ്ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. പുതിയ ഡിജിറ്റല്‍ സംവിധാനത്തോടൊപ്പം വിസ അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ മന്ത്രാലയം കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണ്ണമായും പേപ്പര്‍രഹിതമാക്കുന്നതിന്റെയും റിക്രൂട്ട്മെന്റ് വേഗത്തിലാക്കുന്നതിന്റെയും ഭാഗമായാണ് ഈ പരിഷ്‌കാരം. പുതിയ പ്ലാറ്റ്ഫോം നിലവില്‍ വന്നതോടെ ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സര്‍വീസ് സെന്ററുകള്‍ നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാം.