കുവൈത്തില്‍ അനധികൃത ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍; ഗര്‍ഭഛിദ്ര ഗുളികകളും പിടിച്ചെടുത്തു
കുവൈത്തില്‍ അനധികൃത ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍; ഗര്‍ഭഛിദ്ര ഗുളികകളും പിടിച്ചെടുത്തു
സ്വകാര്യ ക്ലിനിക്കില്‍ പണമായും ബാങ്ക് ട്രാന്‍സ്ഫറിലൂടെയും പ്രതിഫലം വാങ്ങിയാണ് ഡോക്ടര്‍ അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയിരുന്നതെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കി
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു നടപടി.
കുവൈത്തില്‍ അനധികൃതമായി ഗര്‍ഭഛിദ്രം നടത്തുകയും പണം വാങ്ങി ഗര്‍ഭഛിദ്ര ഗുളികകള്‍ വിതരണം ചെയ്യുകയും ചെയ്‌തെന്നാരോപിച്ച് ഈജിപ്ത് സ്വദേശിയായ പ്രസവ-സ്ത്രീരോഗ വിദഗ്ധനെ അധികൃതര്‍ അറസ്റ്റ് ചെയ്തു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു നടപടി.
സ്വകാര്യ ക്ലിനിക്കില്‍ പണമായും ബാങ്ക് ട്രാന്‍സ്ഫറിലൂടെയും പ്രതിഫലം വാങ്ങിയാണ് ഡോക്ടര്‍ അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയിരുന്നതെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കി. തുടര്‍ന്ന് ഒരുക്കിയ പ്രത്യേക ഓപ്പറേഷനിലൂടെ ആവശ്യമായ നിയമാനുമതി നേടിയ ശേഷം ഡോക്ടറെ ക്ലിനിക്കില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിന് പിന്നാലെ ഡോക്ടറുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ 49 ഗര്‍ഭഛിദ്ര ഗുളികകളും 115 സൈക്കോട്രോപിക് ഗുളികകളും കണ്ടെത്തി. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതി, ഗര്‍ഭഛിദ്ര ഗുളികകള്‍ വിദേശത്ത് നിന്ന് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്നതായും മൊഴി നല്‍കി. ഡോക്ടര്‍ക്കെതിരെ നടപടി തുടങ്ങി.