കുവൈറ്റില്‍ വിവാഹമോചന നിരക്ക് കുതിച്ചുയരുന്നു; ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ട് അധികൃതര്‍

മധ്യവയസ്‌കരിലാണ് ഈ പ്രവണത കൂടുതലായി കാണപ്പെടുന്നതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

 

പ്രായ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍, 40 മുതല്‍ 44 വയസ്സ് വരെ പ്രായമുള്ളവരിലാണ് വിവാഹമോചനം ഏറ്റവും കൂടുതലായി നടന്നിരിക്കുന്നത്.

കുവൈറ്റില്‍ വിവാഹമോചനം നേടുന്ന സ്വദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അടുത്തിടെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, രാജ്യത്തെ വിവാഹമോചിതരായ സ്വദേശികളുടെ എണ്ണം 45,103 ആയി ഉയര്‍ന്നു. ഈ വര്‍ഷം ജൂണ്‍ മാസം വരെയുള്ള ഔദ്യോഗിക വിവരങ്ങളാണിത്. ഇതില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് വിവാഹമോചനം നേടിയിട്ടുള്ളത്. കണക്കുകള്‍ പ്രകാരം 27,698 സ്ത്രീകളും 17,405 പുരുഷന്മാരുമാണ് നിലവില്‍ വിവാഹബന്ധം വേര്‍പെടുത്തിയിട്ടുള്ളത്.

പ്രായ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍, 40 മുതല്‍ 44 വയസ്സ് വരെ പ്രായമുള്ളവരിലാണ് വിവാഹമോചനം ഏറ്റവും കൂടുതലായി നടന്നിരിക്കുന്നത്. ഈ പ്രായപരിധിയില്‍ മാത്രം 7,512 പേര്‍ വിവാഹബന്ധം വേര്‍പെടുത്തിയിട്ടുണ്ട്. ഇതിന് തൊട്ടുപിന്നിലായി 35-നും 39-നും ഇടയില്‍ പ്രായമുള്ള 6,661 പേരും, 45-നും 49-നും ഇടയില്‍ പ്രായമുള്ള 6,636 പേരും വിവാഹമോചിതരുടെ പട്ടികയിലുണ്ട്. മധ്യവയസ്‌കരിലാണ് ഈ പ്രവണത കൂടുതലായി കാണപ്പെടുന്നതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.