ഒമാനില്‍ പ്രവാസികളുടെ പണമയക്കല്‍ നിയന്ത്രിക്കാനുള്ള നിര്‍ദേശം; ശൂറാ കൗണ്‍സില്‍ പരിശോധിച്ചു
പ്രവാസികളുടെ യഥാര്‍ത്ഥ വരുമാനവും അവര്‍ വിദേശത്തേക്ക് അയക്കുന്ന തുകയും തമ്മില്‍ ബന്ധിപ്പിച്ച് നിരീക്ഷണം ഏര്‍പ്പെടുത്തുന്നതാണ് നിര്‍ദ്ദേശം
നിലവിലെ പണമയക്കല്‍ സംവിധാനങ്ങളില്‍ പെട്ടെന്നുള്ള മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒമാനിലെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം ശൂറാ കൗണ്‍സില്‍ ബ്യൂറോ പരിശോധിച്ചു. രാജ്യത്തിന്റെ ദേശീയ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, പ്രവാസികളുടെ യഥാര്‍ത്ഥ വരുമാനവും അവര്‍ വിദേശത്തേക്ക് അയക്കുന്ന തുകയും തമ്മില്‍ ബന്ധിപ്പിച്ച് നിരീക്ഷണം ഏര്‍പ്പെടുത്തുന്നതാണ് ഈ നിര്‍ദ്ദേശം. ശൂറാ കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ മഅ്വലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലിന്റെ വാര്‍ഷിക സമ്മേളന യോഗത്തിലാണ് വിഷയം വിശദമായി ചര്‍ച്ചയായത്
അതേസമയം, പ്രവാസികളുടെ പണമയക്കലിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള ഈ നിര്‍ദേശത്തിന് കൗണ്‍സില്‍ ഇതുവരെ ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ലെന്നും വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിര്‍ദേശത്തിന്റെ പ്രായോഗികതയും വിശദാംശങ്ങളും അറിയുന്നതിനായി ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ നിന്നും അധികാരികളില്‍ നിന്നും വിശദീകരണം തേടുന്നതിനുള്ള അപേക്ഷ മാത്രമാണ് നിലവില്‍ ബ്യൂറോ പരിഗണിച്ചതെന്ന് കൗണ്‍സില്‍ വൃത്തങ്ങള്‍ അറിയിച്ചു. അതിനാല്‍ നിലവിലെ പണമയക്കല്‍ സംവിധാനങ്ങളില്‍ പെട്ടെന്നുള്ള മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.