വാഹന ശബ്ദത്തിന് നിയന്ത്രണം; ദുബായിൽ ‘ശബ്ദ റഡാർ’ വ്യാപനം ശക്തമാക്കി

റോഡുകളിലെ അമിത ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനായി ദുബായ് പൊലീസ് ‘ശബ്ദ റഡാർ’ സംവിധാനം വ്യാപകമാക്കി. വാഹനങ്ങളുടെ അമിത ശബ്ദം, അനാവശ്യ ഹോൺ മുഴക്കൽ, മാറ്റം വരുത്തിയ പുറന്തള്ളൽ സംവിധാനം, വാഹനത്തിനുള്ളിലെ ഉയർന്ന ശബ്ദത്തിലുള്ള സംഗീതം തുടങ്ങിയവ നിയന്ത്രിക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങളുടെ സൗകര്യം, മാനസികാരോഗ്യം, സമൂഹശാന്തി എന്നിവ ഉറപ്പാക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് നടപടി.
 

ദുബായ്: റോഡുകളിലെ അമിത ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനായി ദുബായ് പൊലീസ് ‘ശബ്ദ റഡാർ’ സംവിധാനം വ്യാപകമാക്കി. വാഹനങ്ങളുടെ അമിത ശബ്ദം, അനാവശ്യ ഹോൺ മുഴക്കൽ, മാറ്റം വരുത്തിയ പുറന്തള്ളൽ സംവിധാനം, വാഹനത്തിനുള്ളിലെ ഉയർന്ന ശബ്ദത്തിലുള്ള സംഗീതം തുടങ്ങിയവ നിയന്ത്രിക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങളുടെ സൗകര്യം, മാനസികാരോഗ്യം, സമൂഹശാന്തി എന്നിവ ഉറപ്പാക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് നടപടി.


ദുബായ് പൊലീസിന്റെ സ്മാർട്ട് ഗതാഗത സാങ്കേതിക സംവിധാനത്തിന്റെ ഭാഗമായ ഈ ‘ശബ്ദ റഡാർ’ ശബ്ദത്തിന്റെ തീവ്രത അളക്കുകയും അതിന്റെ ഉറവിടം കണ്ടെത്തുകയും നിശ്ചിത പരിധി ലംഘിക്കുമ്പോൾ നിയമലംഘനം രേഖപ്പെടുത്തുകയും ചെയ്യും. റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങൾ നിർമിതബുദ്ധി സഹായത്തോടെ ശബ്ദ ഉറവിടം കൃത്യമായി തിരിച്ചറിയാൻ ശേഷിയുള്ളവയാണ്.

ഈ സംവിധാനത്തിന്റെ വിന്യാസം ഘട്ടംഘട്ടമായി നടപ്പിലാക്കുകയും പ്രധാന റോഡുകൾ ഉൾപ്പെടെ എമിറേറ്റിലെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. ഗതാഗത പട്രോളിംഗും ബോധവൽക്കരണ ക്യാംപെയിനുകളും ഇതിനൊപ്പം ശക്തിപ്പെടുത്തും.

അനാവശ്യ ഹോൺ മുഴക്കൽ, വാഹനത്തിനുള്ളിലെ അമിത ശബ്ദത്തിലുള്ള സംഗീതം, ശബ്ദം വർധിപ്പിക്കുന്ന രീതിയിൽ മാറ്റം വരുത്തിയ വാഹനങ്ങൾ എന്നിവയാണ്‌ കണ്ടെത്തിയ തെറ്റുകൾ. നിയമസ ലംഘനങ്ങൾക്ക്‌ കടുത്ത പിഴയും ശിക്ഷയും ഉറപ്പാക്കിയിട്ടുണ്ട്‌. ഹോൺ, സംഗീതം എന്നിവ മൂലം ശബ്ദ മലിനീകരണം ഉണ്ടാക്കിയാൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും, മാറ്റം വരുത്തിയ അല്ലെങ്കിൽ അമിത ശബ്ദമുള്ള വാഹനങ്ങൾക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുമാണ്‌ പിഴ. അനധികൃത മാറ്റം വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാം.

പിടിച്ചെടുത്ത വാഹനം വിട്ടെടുക്കാൻ 10,000 ദിർഹം ഫീസ് അടയ്ക്കണം. മൂന്ന് മാസത്തിനകം ഫീസ് അടച്ചില്ലെങ്കിൽ വാഹനം ലേലത്തിന് വിടാൻ സാധ്യത.
ശിക്ഷ മാത്രമല്ല, റോഡ് ഉപയോക്താക്കളെ ബോധവൽക്കരിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി. അമിത ശബ്ദം മറ്റ് യാത്രക്കാരിലും നാട്ടുകാരിലും ഭയം, സമ്മർദം, വയോധികർക്കും ഇത് ഗുരുതര പ്രശ്നങ്ങളുണ്ടാക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.