വിമാനങ്ങള്‍ വൈകുകയോ, റദ്ദാക്കുകയോ ചെയ്താല്‍ നഷ്ടപരിഹാരം
വിമാനങ്ങളുടെ മുന്‍കൂട്ടി അറിയിപ്പില്ലാത്ത സമയമാറ്റവും മറ്റ് യാത്രാ തടസ്സങ്ങളും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഈ തീരുമാനം.
ഒമാനിലെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും ഈ പുതിയ ചട്ടം ബാധകമാണ്.
ഒമാനില്‍ നിന്ന് പുറപ്പെടുന്ന എല്ലാ വിമാന സര്‍വീസുകള്‍ക്കും ഒമാനി എയര്‍ലൈന്‍ വഴി രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങള്‍ക്കും പുതിയ യാത്രക്കാരുടെ അവകാശ സംരക്ഷണ നിയമവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. വിമാനങ്ങള്‍ വൈകുകയോ, റദ്ദാക്കുകയോ, ഓവര്‍ബുക്കിങ് കാരണം ബോര്‍ഡിങ് തടയുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും സൗജന്യ താമസ-ഭക്ഷണ സൗകര്യങ്ങളും നല്‍കാന്‍ ഇനിമുതല്‍ എയര്‍ലൈനുകള്‍ ബാധ്യസ്ഥരായിരിക്കും. ഒമാനിലെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും ഈ പുതിയ ചട്ടം ബാധകമാണ്. വിമാനങ്ങളുടെ മുന്‍കൂട്ടി അറിയിപ്പില്ലാത്ത സമയമാറ്റവും മറ്റ് യാത്രാ തടസ്സങ്ങളും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഈ തീരുമാനം.
പുതിയ ഉത്തരവ് പ്രകാരം, വിമാനം രണ്ട് മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ലഘുഭക്ഷണവും പാനീയങ്ങളും നല്‍കണം. മൂന്ന് മണിക്കൂര്‍ വൈകിയാല്‍ പ്രധാന ഭക്ഷണവും ആറ് മണിക്കൂറിലധികം വൈകിയാല്‍ സൗജന്യ ഹോട്ടല്‍ താമസവും എയര്‍പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ടും ഉറപ്പാക്കണം. ആറ് മണിക്കൂറില്‍ കൂടുതല്‍ വൈകുന്ന വിമാനങ്ങളെ സര്‍വീസ് റദ്ദാക്കിയതിന് തുല്യമായാണ് കണക്കാക്കുക. ഇത് നല്‍കാന്‍ വീഴ്ച വരുത്തിയാല്‍ എയര്‍ലൈനുകള്‍ സാമ്പത്തിക നഷ്ടപരിഹാരം നല്‍കേണ്ടി വരും. കൂടാതെ, യാത്ര തിരിക്കുന്നതിന് 14 ദിവസത്തിനുള്ളില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയാല്‍ യാത്ര ചെയ്യുന്ന ദൂരമനുസരിച്ച് 108 ഒമാനി റിയാല്‍ മുതല്‍ 260 ഒമാനി റിയാല്‍ വരെ നഷ്ടപരിഹാരമായി നല്‍കണം.
യാത്രക്കാരുടെ ലഗേജുകള്‍ വൈകുകയോ നഷ്ടപ്പെടുകയോ ചെയ്താലും കൃത്യമായ നഷ്ടപരിഹാരം ലഭ്യമാകും. ലഗേജ് വൈകുന്ന ആദ്യ ദിവസത്തിന് 78 റിയാലും അടിയന്തര ചെലവുകള്‍ക്കായി പരമാവധി 680 ഒമാനി റിയാല്‍ വരെയും അവകാശപ്പെടാം. 21 ദിവസത്തിനകം ലഗേജ് തിരികെ ലഭിച്ചില്ലെങ്കില്‍ അത് നഷ്ടപ്പെട്ടതായി കണക്കാക്കി നിശ്ചിത നഷ്ടപരിഹാരം നല്‍കണം. ഇനി ഓവര്‍ബുക്കിങ് മൂലം യാത്ര തടസ്സപ്പെട്ടാല്‍ പകരം യാത്രാസൗകര്യമോ, യാത്ര വേണ്ടെന്നുവെക്കുകയാണെങ്കില്‍ ടിക്കറ്റ് തുകയും ടിക്കറ്റ് മൂല്യത്തിന് തുല്യമായ നഷ്ടപരിഹാരവും എയര്‍ലൈനുകള്‍ നല്‍കേണ്ടതുണ്ട്.
യാത്രക്കാര്‍ നല്‍കുന്ന പരാതികളില്‍ 15 പ്രവൃത്തിദിവസങ്ങള്‍ക്കകം എയര്‍ലൈനുകള്‍ മറുപടി നല്‍കണം. നടപടിയുണ്ടാകാത്ത പക്ഷം ഉപഭോക്താക്കള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെ നേരിട്ട് സമീപിക്കാം.