കുവൈത്തില്‍ ബുധനാഴ്ച മുതല്‍ തണുപ്പേറും

 

മണിക്കൂറില്‍ 15 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റ് പൊടിക്കാറ്റിനും കടലില്‍ ആറ് അടിയിലധികം ഉയരമുള്ള തിരമാലകള്‍ക്കും കാരണമായേക്കാം

 

ബുധനാഴ്ച വൈകുന്നേരം വരെ താപനിലയില്‍ നേരിയ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ എത്തുന്ന ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള തണുത്ത വായുപ്രവാഹം സ്ഥിതിഗതികള്‍ മാറ്റും

കുവൈത്തില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കാര്‍ഷിക മേഖലകളിലും മരുഭൂമി പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 


ബുധനാഴ്ച വൈകുന്നേരം വരെ താപനിലയില്‍ നേരിയ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ എത്തുന്ന ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള തണുത്ത വായുപ്രവാഹം സ്ഥിതിഗതികള്‍ മാറ്റും. മണിക്കൂറില്‍ 15 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റ് പൊടിക്കാറ്റിനും കടലില്‍ ആറ് അടിയിലധികം ഉയരമുള്ള തിരമാലകള്‍ക്കും കാരണമായേക്കാം. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ ദിവസങ്ങളില്‍ പരമാവധി താപനില 17 ഡിഗ്രി സെല്‍ഷ്യസിനും 20 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമ്പോള്‍, കുറഞ്ഞ താപനില 4 മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ പകല്‍ സമയങ്ങളില്‍ മിതമായ തണുപ്പും രാത്രികാലങ്ങളില്‍ കടുത്ത തണുപ്പും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.