ദുബായ് വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ ഇനി അതിവേഗം; കസ്റ്റംസ് പരിശോധന വെറും ഏഴ് സെക്കന്‍ഡില്‍
സ്‌കൂള്‍ അവധിയും വേനല്‍ക്കാല വെക്കേഷനും പ്രമാണിച്ച് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ നാട്ടിലേക്കും വിദേശരാജ്യങ്ങളിലേക്കും യാത്ര തിരിക്കുന്നതിനാല്‍ വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ സമയമാണിത്.
ജൂലൈ ആദ്യ പകുതിയില്‍ മാത്രം ഏകദേശം 30 ലക്ഷത്തോളം യാത്രക്കാര്‍ ദുബായ് വിമാനത്താവളങ്ങള്‍ വഴി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയില്‍ വേനല്‍ക്കാല അവധിക്കാലത്തെ തിരക്ക് പ്രമാണിച്ച് യാത്രക്കാര്‍ക്ക് തടസ്സമില്ലാത്ത യാത്രാസൗകര്യം ഉറപ്പാക്കാന്‍ ദുബായ് കസ്റ്റംസ് ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കി. എയര്‍പോര്‍ട്ടുകളിലെ പരിശോധനകള്‍ വേഗത്തിലാക്കാനും യാത്ര സുഗമമാക്കാനും ലക്ഷ്യമിട്ട് നിരവധി സുപ്രധാന നടപടികളാണ് അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്. ജൂലൈ ആദ്യ പകുതിയില്‍ മാത്രം ഏകദേശം 30 ലക്ഷത്തോളം യാത്രക്കാര്‍ ദുബായ് വിമാനത്താവളങ്ങള്‍ വഴി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കൂള്‍ അവധിയും വേനല്‍ക്കാല വെക്കേഷനും പ്രമാണിച്ച് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ നാട്ടിലേക്കും വിദേശരാജ്യങ്ങളിലേക്കും യാത്ര തിരിക്കുന്നതിനാല്‍ വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ സമയമാണിത്.
യാത്രക്കാരുടെ ഈ വന്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ദുബായ് കസ്റ്റംസ് പരിശോധനാ സംവിധാനങ്ങള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. പുതിയ സംവിധാനം വഴി വെറും ഏഴ് സെക്കന്‍ഡുകള്‍ കൊണ്ട് ഒരു ബാഗേജിന്റെ സ്‌ക്രീനിങ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ദുബായ് വിമാനത്താവളങ്ങളിലെ വിവിധ ടെര്‍മിനലുകളിലായി 19 അത്യാധുനിക ബാഗേജ് സ്‌ക്രീനിങ് സംവിധാനങ്ങളും 77 ഡിറ്റക്ഷന്‍ ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ സംവിധാനങ്ങളുമാണ് നിലവില്‍ സജ്ജമാക്കിയിരിക്കുന്നത്.