ഹോര്മുസില് ചരക്കുകപ്പല് മൈനിലിടിച്ച് അപകടം; കടലില് ഒഴുകി നടന്ന് ഐഫോണുകളും പെര്ഫ്യൂമുകളും
ആയിരക്കണക്കിന് ഐഫോണുകളും പെര്ഫ്യൂമുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സമുദ്ര ഉപരിതലത്തില് ഒഴുകിനടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് വന്തോതില് പ്രചരിക്കുന്നത്.
Oct 16, 2026, 11:54 IST
2500 ലധികം കണ്ടെയ്നറുകള് വഹിച്ചിരുന്ന ചരക്കുകപ്പലാണ് ദുരന്തത്തില് പെട്ടത്.
ഹോര്മുസ് കടലിടുക്കില് ഇറാന് സ്ഥാപിച്ച സമുദ്ര മൈനില് ഇടിച്ച് വലിയ കണ്ടെയ്നര് കപ്പല് തകര്ന്ന് അപകടം. സംഭവത്തിന് പിന്നാലെ ആയിരക്കണക്കിന് ഐഫോണുകളും പെര്ഫ്യൂമുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സമുദ്ര ഉപരിതലത്തില് ഒഴുകിനടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് വന്തോതില് പ്രചരിക്കുന്നത്.
2500 ലധികം കണ്ടെയ്നറുകള് വഹിച്ചിരുന്ന ചരക്കുകപ്പലാണ് ദുരന്തത്തില് പെട്ടത്. ഒമാന് തീരത്തിന് സമീപം ഹോര്മുസ് കടലിടുക്കിന്റെ തെക്കന് മേഖലയില് കപ്പല് മൈനില് തട്ടി മുങ്ങിയതായി ഇറാന് റെവല്യൂഷണറി ഗാര്ഡ് സ്ഥിരീകരിച്ചു. അനുമതിയില്ലാത്തതും അപകടകരവുമായ സമുദ്ര പാതയിലൂടെ സഞ്ചരിക്കാന് ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് ഇറാന് ആരോപിച്ചു. മൈനില് തട്ടിയതിനെ തുടര്ന്ന് കപ്പലില് ശക്തമായ സ്പോടനവും വന് തീപിടിത്തവുമുണ്ടായി.