കൈക്കൂലിയും കള്ളപ്പണം വെളുപ്പിക്കലും; സൗദിയില്‍ 160 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

വ്യാപകമായ ഈ പരിശോധനകളുടെ അടിസ്ഥാനത്തില്‍ 480 ജീവനക്കാര്‍ക്കെതിരെ നിലവില്‍ തുടരന്വേഷണം പുരോഗമിക്കുകയാണ്.

 

ഹജ്ജ് സീസണിന്റെ ഭാഗമായി പുണ്യസ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്കുള്ള വിവിധ സേവന സൗകര്യങ്ങള്‍ നല്‍കുന്ന മേഖലകളിലുമായി പതിനയ്യായിരത്തോളം പ്രത്യേക പരിശോധനകളാണ് നസഹ നടത്തിയത്.

സൗദി അറേബ്യയില്‍ അഴിമതിക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കി അഴിമതി വിരുദ്ധ അതോറിറ്റി . ഇക്കഴിഞ്ഞ മേയ് മാസത്തില്‍ രാജ്യമുടനീളം നടത്തിയ വിപുലമായ പരിശോധനകളെത്തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെ 160 ഉദ്യോഗസ്ഥരെ അതോറിറ്റി അറസ്റ്റ് ചെയ്തു. ഹജ്ജ് സീസണിന്റെ ഭാഗമായി പുണ്യസ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്കുള്ള വിവിധ സേവന സൗകര്യങ്ങള്‍ നല്‍കുന്ന മേഖലകളിലുമായി പതിനയ്യായിരത്തോളം പ്രത്യേക പരിശോധനകളാണ് നസഹ നടത്തിയത്. ഇതിന് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,365 തരം പരിശോധനാ പര്യടനങ്ങളും അതോറിറ്റി പൂര്‍ത്തിയാക്കി.

വ്യാപകമായ ഈ പരിശോധനകളുടെ അടിസ്ഥാനത്തില്‍ 480 ജീവനക്കാര്‍ക്കെതിരെ നിലവില്‍ തുടരന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ പ്രതികളില്‍ ചിലരെ പിന്നീട് നിയമപരമായ ജാമ്യത്തില്‍ വിട്ടയച്ചതായും അഴിമതി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതെന്നും നസഹ വ്യക്തമാക്കി. ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പല്‍-ഗ്രാമകാര്യം, ഭവന നിര്‍മാണം എന്നീ പ്രമുഖ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായവരില്‍ ഭൂരിഭാഗവും.