കൈക്കൂലി, വ്യാജ രേഖകള്‍ ചമയ്ക്കല്‍ ;  സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി ജീവനക്കാര്‍ക്ക് തടവുശിക്ഷ

ഇവര്‍ക്ക് അഞ്ച് വര്‍ഷം തടവാണ് വിധിച്ചത്.

 

രണ്ട് വനിതാ ജീവനക്കാരും ഒരു ഈജിപ്ഷ്യന്‍ പ്രവാസിയും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

കുവൈത്തില്‍ വ്യാജരേഖ ചമയ്ക്കല്‍, കൈക്കൂലി കേസുകളില്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി ജീവനക്കാര്‍ക്ക് തടവുശിക്ഷ. കൗണ്‍സിലര്‍ അബ്ദുള്‍വഹാബ് അല്‍-മുഐലിയുടെ നേതൃത്വത്തിലുള്ള കുവൈത്ത് ക്രിമിനല്‍ കോടതിയാണ് പ്രതികള്‍ക്ക് തടവുശിക്ഷ വിധിച്ചത്. രണ്ട് വനിതാ ജീവനക്കാരും ഒരു ഈജിപ്ഷ്യന്‍ പ്രവാസിയും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് അഞ്ച് വര്‍ഷം തടവാണ് വിധിച്ചത്.


ഒരു അക്കൗണ്ടന്റിനും ഒരു കമ്പനി പ്രതിനിധിക്കും 3 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചതിനും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മ്മിച്ചതിനും ഇവര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൈക്കൂലിക്ക് പകരമായി, ദേശീയ ഡാറ്റാബേസില്‍ താമസക്കാരുടെ വിലാസങ്ങള്‍ മാറ്റാനും പുതുക്കാനും വേണ്ടി ഈ സംഘം ഗൂഢാലോചന നടത്തി. ഇവര്‍ വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച് പുതിയ സിവില്‍ ഐഡി കാര്‍ഡുകള്‍ നല്‍കിയതായും വ്യാജ വാടക കരാറുകള്‍ നിര്‍മ്മിച്ചതായും പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച്, അവരുടെ വിലാസത്തിലേക്ക് വ്യാജ താമസക്കാരെ അവരുടെ അറിവില്ലാതെ മാറ്റിയതായും അന്വേഷണത്തില്‍ തെളിഞ്ഞു.