ഇറാനെതിരെ  ആക്രമണം: ഖത്തറില്‍ സുരക്ഷാ ജാഗ്രത; ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം

ഇറാനെതിരായ അമേരിക്കയെ കൂട്ടുപിടിച്ച്‌ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികള്‍ സുസ്ഥിരമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

മേഖലയില്‍ സംഘർഷം നിലനില്‍ക്കുന്ന സാഹചര്യത്തിലും ഖത്തറില്‍ പൊതു സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി

ഇറാനെതിരായ അമേരിക്കയെ കൂട്ടുപിടിച്ച്‌ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികള്‍ സുസ്ഥിരമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മേഖലയില്‍ സംഘർഷം നിലനില്‍ക്കുന്ന സാഹചര്യത്തിലും ഖത്തറില്‍ പൊതു സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

സൈനിക കേന്ദ്രങ്ങളുടെ പരിസരത്ത് നിന്ന് എല്ലാവരും അകന്നു നില്‍ക്കണമെന്നും വീട്ടിലോ മറ്റെവിടെയെങ്കിലുമായോ അകത്തുതന്നെ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.അപകടസാധ്യത ഒഴിവാക്കാൻ അത്യാവശ്യ സന്ദർഭങ്ങളില്‍ ഒഴികെ പുറത്തുപോകുകയോ ചുറ്റിക്കറങ്ങുകയോ ചെയ്യരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ ഏജൻസികള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. രാജ്യത്തെ സേവനങ്ങളെല്ലാം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം ഇസ്രായേലിന്റെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമാക്കി ഇറാൻ മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു.ഇസ്രായേലിലുടനീളം അപായ സൈറണുകള്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈലുകളെ ആകാശത്തുവെച്ച്‌ തന്നെ തകർക്കാൻ ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ പ്രവർത്തിച്ചു തുടങ്ങിയതായി ഐഡിഎഫ് അറിയിച്ചു.

മിസൈല്‍ ആക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ മൊബൈല്‍ ഫോണുകളിലേക്ക് നേരിട്ട് ജാഗ്രതാ നിർദ്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. സൈറണ്‍ മുഴങ്ങുന്ന ഉടനെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഹോം ഫ്രണ്ട് കമാൻഡ് ആവശ്യപ്പെട്ടു.

മിസൈല്‍ ഭീഷണികള്‍ തടയുന്നതിനും ആവശ്യമെങ്കില്‍ പ്രത്യാക്രമണം നടത്തുന്നതിനുമായി ഇസ്രായേല്‍ വ്യോമസേന രംഗത്തുണ്ട്. "ഭീഷണികള്‍ ഇല്ലാതാക്കാന് ഇസ്രായേല്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രവർത്തിക്കുന്നു. സൈറണുകള്‍ മുഴങ്ങിയ പ്രദേശങ്ങളില്‍ അതീവ ജാഗ്രത പാലിക്കുക," എന്ന് ഐഡിഎഫ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ വ്യക്തമാക്കി.