വിമാന സര്‍വീസുകള്‍ റദ്ദാക്കുമെന്നും വഴി തിരിച്ചുവിടുമെന്നും മുന്നറിയിപ്പുമായി വിമാന കമ്പനികള്‍
ഇന്നലെ നിരവധി വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു
ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ദോഹ, കുവൈത്ത്, മസ്‌കറ്റ്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇത്തിഹാദ് എയര്‍വേയ്സ് തിങ്കളാഴ്ച റദ്ദാക്കിയിരുന്നു.
വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയെങ്കിലും ചില വിമാന സര്‍വീസുകള്‍ റദ്ദാക്കുമെന്നും വഴി തിരിച്ചുവിടുമെന്നും പ്രഖ്യാപിച്ച് യുഎഇയിലെയും മറ്റ് രാജ്യങ്ങളിലെയും വിമാനക്കമ്പനികള്‍. വിമാന സര്‍വീസുകളുടെ തത്സമയ വിവരങ്ങള്‍ നിരീക്ഷിക്കണമെന്നും യാത്രക്കാരോട് വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറിലെ യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഇന്നലെ നിരവധി വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്.
ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ദോഹ, കുവൈത്ത്, മസ്‌കറ്റ്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇത്തിഹാദ് എയര്‍വേയ്സ് തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. കൂടാതെ ഇന്ന് അബുദാബിയില്‍ നിന്ന് കുവൈത്തിലേക്കുള്ള EY651 വിമാനവും കുവൈത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള EY652 വിമാനവും റദ്ദാക്കി. അബുദാബി-ദോഹ, അബുദാബി-ദമ്മാം സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും യാത്രക്കാര്‍ വിമാനസര്‍വീസുകളുടെ തത്സമയ അപ്‌ഡേറ്റുകള്‍ നിരീക്ഷിക്കണമെന്നും ഇത്തിഹാദ് എയര്‍വേസ് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ഇന്ന് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത പ്രകാരം സര്‍വീസ് നടത്തുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈനും ഫ്‌ലൈദുബൈ വിമാനക്കമ്പനിയും അറിയിച്ചു. ചില വിമാനങ്ങള്‍ക്ക് കാലതാമസം നേരിട്ടേക്കാമെന്നാല്‍പ്പോലും സര്‍വീസുകള്‍ വഴി തിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്ന് അറിയിച്ചു.
ഖത്തര്‍ വ്യോമപാതകള്‍ തുറന്നതോടെ വിമാന സര്‍വീസുകള്‍ പുനസ്ഥാപിച്ചതായും ചിലപ്പോള്‍ വിമാന സര്‍വീസുകള്‍ക്ക് കാലതാമസം നെരിടുമെന്നും ഖത്തര്‍ എയര്‍വേസ് അറിയിച്ചു. ?ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസും പ്രഖ്യാപിച്ചിരുന്നു.