സിസിടിവി കാമറാ ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്താല്‍ 20,000 റിയാല്‍ പിഴ

നിരീക്ഷണ ഉപകരണങ്ങളോ റെക്കോര്‍ഡിങ്ങുകളോ കേടുവരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നതും ഗൗരവമേറിയ കുറ്റകൃത്യമാണ്.

 

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

സൗദിയില്‍ സുരക്ഷാ നിരീക്ഷണ ക്യാമറകള്‍ ഉപയോഗിക്കുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.


സിസിടിവി കാമറകളിലെ റെക്കോര്‍ഡിങ്ങുകള്‍ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയോ അവ മാധ്യമങ്ങളിലോ സാമൂഹിക മാധ്യമങ്ങളിലോ മറ്റോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ളതാണെന്ന് മന്ത്രാലയം അറിയിച്ച. നിയമത്തിലെ ഈ വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് 20,000 റിയാലാണ് പിഴ.


അതുപോലെ നിരീക്ഷണ ഉപകരണങ്ങളോ റെക്കോര്‍ഡിങ്ങുകളോ കേടുവരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നതും ഗൗരവമേറിയ കുറ്റകൃത്യമാണ്. ഇത്തരം കേസുകളില്‍ കുറ്റക്കാരാണെന്ന കണ്ടെത്തുന്ന ആര്‍ക്കും 20,000 റിയാല്‍ വരെ പരമാവധി പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നിയമം അനുശാസിക്കുന്ന സാങ്കേതിക സവിശേഷതകള്‍ പാലിക്കാത്ത ഓരോ സുരക്ഷാ നിരീക്ഷണ ക്യാമറയ്ക്കും മറ്റ് സുരക്ഷാ ഉപകരണങ്ങള്‍ക്കും അത് സ്ഥാപിച്ച വ്യക്തിയില്‍ നിന്ന് 500 റിയാല്‍ പിഴ ഈടാക്കും. നിയമത്തിലെ നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്ന സ്‌പെസിഫിക്കേഷനുകള്‍ അനുസരിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാത്ത ഓരോ സുരക്ഷാ നിരീക്ഷണ ക്യാമറയ്ക്കും ഉപകരണത്തിനും 1,000 റിയാല്‍ പിഴ ചുമത്തും.