ലോകകപ്പ് ; ഉത്ഘാടന മത്സരത്തിന് വേദിയായ അല്‍ ബയ്ത്ത് സ്റ്റേഡിയത്തിന്റെ കവാടത്തില്‍ മലയാളത്തിലും നന്ദി എഴുതി ഖത്തറിന്റെ സ്‌നേഹം

ഫുട്‌ബോള്‍ ലോകകപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ കാഴ്ചക്കാരായും വളണ്ടിയര്‍മാരായും പങ്കെടുക്കുന്ന ലോകകപ്പാണ് ഖത്തറിലേത്.
 

ഖത്തറിന്റെ പ്രൗഢി വിളിച്ചോതുന്നതായിരുന്നു ഫുട്‌ബോള്‍ ലോകകപ്പിന്റെ ഉത്ഘാടന ചടങ്ങുകള്‍. ഫുട്‌ബോള്‍ ലോകകപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ കാഴ്ചക്കാരായും വളണ്ടിയര്‍മാരായും പങ്കെടുക്കുന്ന ലോകകപ്പാണ് ഖത്തറിലേത്. ഖത്തറിന്റെ മണ്ണിലേക്കെത്തിയ മലയാളികളുടെ ഉത്സവം കൂടിയാണ് ഖത്തറിലെ ഈ മാമാങ്കം. ഈ മലയാളിക്കരുത്തിന് സ്‌നേഹനന്ദി അറിയിച്ചിരിക്കുകയാണ് ഖത്തര്‍ ലോകകപ്പിന്റെ സംഘാടകര്‍. 
ഖത്തറും ഇക്വഡോറും തമ്മിലുള്ള കിക്കോഫ് മത്സരത്തിന് വേദിയായ അല്‍ ബയ്ത്ത് സ്റ്റേഡിയത്തിന്റെ കവാടത്തില്‍ മലയാളത്തിലും നന്ദി എഴുതി പ്രകാശിപ്പിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല മറ്റനേകം ഭാഷകളിലുമുണ്ട് ഖത്തറിന്റെ ഹൃദയത്തില്‍ നിന്നുള്ള ഈ സ്‌നേഹവായ്പ്. 
ദോഹയിലെ അല്‍ ബയ്ത്ത് സ്റ്റേഡിയത്തില്‍ ഖത്തര്‍ ലോകകപ്പിന് വര്‍ണാഭമായ കിക്കോഫാണുണ്ടായത്. ഖത്തറിന്റെ സാംസ്‌കാരിക തനിമയും ചരിത്രവും വിളിച്ചോതിയായിരുന്നു ചടങ്ങുകള്‍.