യു.എ.ഇയിലെ സർക്കാർ സ്കൂൾ യൂനിഫോമുകളിൽ മാറ്റം വരുത്തി

 

യു.എ.ഇയിലെ സർക്കാർ സ്കൂൾ യൂനിഫോമുകളിൽ മാറ്റം വരുത്തി. ഒരാഴ്ച മുമ്പ് പുറത്തിറക്കിയ യൂനിഫോമുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ മാനിച്ചാണ് യൂനിഫോം പരിഷികരിച്ചത്. എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്‍റ്സാണ് പരിഷ്കരിച്ച യൂനിഫോം പുറത്തിറക്കിയത്. കിൻഡർ ഗാർട്ടൻ കുട്ടികളുടെ യൂനിഫോമിലാണ് മാറ്റം വരുത്തിയത്. കുട്ടികൾക്ക് കൂടുതൽ സുഖപ്രദമാകുന്നതാണ് പുതിയ യൂനിഫോം എന്ന് അധികൃതർ അറിയിച്ചു.

ആൺകുട്ടികൾക്ക് ടൈ ഉൾപെട്ട യൂനിഫോമാണ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയത്. എന്നാൽ, പുതിയ നിർദേശം പ്രകാരം ടൈ നിർബന്ധമില്ല. പെൺകുട്ടികൾക്ക് സ്കേർട്ടും വെള്ള ടീ ഷർട്ടുമായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 

എന്നാൽ, പുതിയ നിർദേശം അനുസിച്ച് പാന്‍റും വെള്ള ഷർട്ടുമാണ് വേഷം. ഷർട്ടിൽ ലോഗോയുമുണ്ടാകും. ഷർട്ടിന് 29 ദിർഹമും പാന്‍റിന് 32 ദിർഹമുമാണ് വില. ടീ ഷർട്ട് ഉൾപെട്ട സ്പോർട്സ് യൂനിഫോമും ഉണ്ടാകും. ടി ഷർട്ടിന് 29 ദിർഹമും സ്പോർട്സ് ട്രൗസറിന് 43 ദിർഹമുമാണ് നിരക്ക്. നേരത്തെ ആൺകുട്ടികൾക്ക് പത്ത് ദിർഹമിന്‍റെ ടൈ ഉൾപെടുത്തിയിരുന്നെങ്കിലും രക്ഷിതാക്കളുടെ അഭിപ്രായം കണക്കിലെടുത്ത് ഇത് ഒഴിവാക്കിയിട്ടുണ്ട്.