യു.എ.ഇ.സ്ഥാനപതിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

 

അബുദാബി : യു.എ.ഇ. യെ പ്രതിനിധീകരിക്കാൻ വിവിധ രാജ്യങ്ങളിലേക്ക് നിയമിതരായ സ്ഥാനപതിമാർ യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യു.എ.ഇ. യും മറ്റു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ദൃഢമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനായി സ്ഥാനപതിമാർക്ക് ശൈഖ് മുഹമ്മദ് ആശംസകൾ നേർന്നു. കൂടാതെ ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇമിറാത്തി പൗരന്മാരുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്‌നിക്കണമെന്നും അദ്ദേഹം സ്ഥാനപതിമാരോട് അഭ്യർത്ഥിച്ചു. യു.എ.ഇ. പുതിയ വികസന ഘട്ടത്തിലാണ്.

അതിൽ വിദേശ നയതന്ത്ര കാര്യങ്ങളുൾപ്പടെ വിവിധ രാജ്യങ്ങളുമായുള്ള പങ്കാളിത്തത്തിനും സാമ്പത്തിക സഹകരണത്തിനും വലിയ പ്രാധാന്യമുണ്ട്. രാജ്യം ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കാനും നയങ്ങൾ അറിയിക്കാനും പ്രതിനിധീകരിക്കപ്പെടുന്ന രാജ്യങ്ങളിൽ യു.എ.ഇ.യുടെ താല്പര്യങ്ങൾ വികസിപ്പിക്കാനുമുള്ള സ്ഥാനപതിമാരുടെ കഴിവിൽ നിറഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.