പാർലമെന്റ് തെരഞ്ഞെടുപ്പ്: അയോഗ്യരുടെ വിലക്ക് അപ്പീൽകോടതി നീക്കി

 

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം അയോഗ്യരാക്കിയ സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് അപ്പീൽ കോടതി. ചൊവ്വാഴ്ച ഹരജി പരിഗണനക്കെടുത്ത കോടതി വിവാദപരമായ ക്രിമിനൽ നിയമം ഭരണഘടന കോടതിയുടെ അഭിപ്രായത്തിനായി റഫർ ചെയ്തു. മൂന്ന് സ്ഥാനാർഥികളുടെ അയോഗ്യത തീരുമാനങ്ങൾ കോടതി റദ്ദാക്കുകയും, ഭരണഘടന കോടതി നിയമത്തിൽ വിധി പുറപ്പെടുവിക്കുന്നതുവരെ മറ്റ് അഞ്ച് പേരുടെ തീരുമാനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. സെപ്‌റ്റംബർ 29ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എല്ലാവരെയും അനുവദിക്കുകയും ചെയ്തു. മുൻ എം.പി ഖാലിദ് അൽ മുതൈരിയുടെ അയോഗ്യത തിങ്കളാഴ്ച അപ്പീൽകോടതി റദ്ദാക്കിയിരുന്നു. അപ്പീൽകോടതി വിധിക്കെതിരെ സർക്കാർ പരമോന്നത കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിലെ തീരുമാനമാകും അന്തിമമായി കണക്കാക്കുക.

ക്രിമിനൽ, രാഷ്ട്രീയ കാരണങ്ങളാലാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് 15 സ്ഥാനാർഥികളെ ആഭ്യന്തര മന്ത്രാലയ കമീഷൻ അയോഗ്യരാക്കിയത്. അഭ്യന്തര മന്ത്രാലയ കമീഷന്റെ തീരുമാനം അഡ്മിനിസ്ട്രേറ്റിവ് കോടതി ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് കക്ഷികൾ അപ്പീൽ കോടതിയെ സമീപിച്ചത്. കേസിൽ പരമോന്നത കോടതിയുടെ വിധി എന്താകുമെന്ന ആകാംക്ഷയിലാണ് സ്ഥാനാർഥികളും വോട്ടർമാരും.

അയോഗ്യരാക്കപ്പെട്ടവരിൽ മുൻ എം.പിമാരായ അബ്ദുല്ല അൽ ബർഗാഷ്, മുഹമ്മദ് ഗോഹെൽ എന്നിവരും സൈദ് അൽ ഒതൈബി, മൊസാദ് അൽ ഖരീഫ, ഹാനി ഹുസൈൻ, അൻവർ അൽ ഫിഖ്ർ എന്നിവരും ഉൾപ്പെട്ടിരുന്നു.

വിവിധ കേസുകളിൽ ഉൾപ്പെട്ടവരെയും ശിക്ഷിക്കപ്പെട്ടവരെയും തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കുന്ന നിയമം 2013 ലാണ് പാർലമെന്റ് പുറപ്പെടുവിച്ചത്. 2016ൽ ഭേദഗതി ചെയ്തു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ സജീവമായിട്ടുണ്ട്. നിയമം ശുദ്ധീകരണത്തിന് വഴിവെക്കുമെന്ന് ഒരു വിഭാഗം പറയുമ്പോൾ, അടിച്ചമർത്തലാണെന്നും ഭരണഘടനയുടെ ലംഘനമാണെന്നും ചിലർ വിമർശിക്കുന്നു.

അതേസമയം, തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. 29ന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് 10 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നതെന്നതിനാൽ സ്ഥാനാർഥികൾ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.